തൃക്കാക്കര : പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർ എസ് സുഹാസ് ജോയിന്റ് ലാൻഡ് കമ്മീഷണർ എ.കൗശിക്കിന് കൈമാറി. കൗശിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കളക്ടറേറ്റിലെത്തിയ സംഘം കളക്ടർ എസ് സുഹാസ്,ഫിനാൻസ് ഓഫീസർ ഹരികുമാർ എന്നിവരുമായി ചർച്ച നടത്തി.
നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതടക്കം ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ളതാണ് റിപ്പോർട്ട്.

പണം വീണ്ടെടുക്കുന്നതിനായി വിഷ്ണുപ്രസാദിന്റെ ഒന്നരക്കോടി രൂപയുടെ സ്വത്ത് പിടിച്ചെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. വിഷ്ണു പ്രസാദിനൊപ്പം നഷ്ടപരിഹാരം സ്പെഷ്യൽ സെല്ലിൽ ജോലിചെയ്ത ഉദ്യോഗസ്ഥരുടെ വിശദീകരണത്തിൽ കളക്ടർക്ക് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.

ഫണ്ട് തട്ടിപ്പ് കൈകാര്യം ചെയ്തതിൽ മുൻ ജൂനിയർ സൂപ്രണ്ട് അടക്കമുളളവരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ ഏറെ വൈകിയും പരിഹാരം സെല്ലിലെ ജീവനക്കാരെ സർക്കാരിന്റെ പ്രത്യേകസംഘം ചോദ്യം ചെയ്തു. ഫയലുകൾ കൈകാര്യം ചെയ്ത രീതികളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. സംഘം ഇന്നും കളക്ടറേറ്റിൽ എത്തുന്നുണ്ട്. ഐ.ടി, ധനകാര്യ വിദഗ്ദ്ധരും റവന്യൂ വകുപ്പിലെ ഓഡിറ്റിംഗ് വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്.