മൂവാറ്റുപുഴ: കീച്ചേരിപ്പടി - ഇരമല്ലൂർ റോഡിൽ നിരപ്പിലും , നിരപ്പ് - പേഴയ്ക്കാപ്പിള്ളി റോഡിലെ പറപ്പിള്ളി താഴത്തും മാലിന്യം നിക്ഷേപിച്ചവരെ നാട്ടുകാർ പിടികൂടി. കീച്ചേരിപ്പടി -ഇരമല്ലൂർ റോഡിലെ നിരപ്പ് എഫ്.സി കോൺവെൻ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ നിക്ഷേപിച്ച മാലിന്യം രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മാലിന്യം നാട്ടുകാർ പരിശോധിച്ചപ്പോൾ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയുടെ ചീട്ട് ലഭിക്കുകയായിരുന്നു. ചീട്ടിൽ നിന്നും ലഭിച്ച അഡ്രസും ഫോൺ നമ്പറിൽ നിന്നുമാണ് മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്താനായത്. ഇയാളെ വിളിച്ച് വരുത്തി നിക്ഷേപിച്ച മാലിന്യം മുഴുവനും നീക്കം ചെയ്യിച്ചു.
കഴിഞ്ഞ ദിവസം പേഴയ്ക്കാപ്പിള്ളി - നിരപ്പ് റോഡിലെ പറപ്പിള്ളി താഴത്ത് മൂവാറ്റുപുഴയിലെ ബേക്കറി മാലിന്യമാണ് രാത്രിയിൽ തള്ളിയിരുന്നു. രാവിലെ മാലിന്യങ്ങൾ നാട്ടുകാർ പരിശോധിച്ചപ്പോൾ മാലിന്യ കൂമ്പാരത്തിൽ നിന്നും ചിട്ടിയുടെ പണമടച്ച രസീത് ലഭിക്കുകയായിരുന്നു. ഇതിലെ അഡ്രസിൽ നിന്നുമാണ് മാലിന്യം നിക്ഷേപിച്ചയാളെ തിരിച്ചറിഞ്ഞത്. ഇയാളെ വിളിച്ച് വരുത്തി മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു. നീക്കം ചെയ്ത മാലിന്യം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടുകയായിരുന്നു. കുഴിയെടുക്കുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടുകയും തട്ടു പറമ്പ് പ്രദേശത്തേക്കുള്ള കുടിവെള്ളം മുടങ്ങുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യം നിക്ഷേപിച്ചയാൾക്കും ജെ.സി. ബി ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.