ഫോർട്ട് കൊച്ചി: മാസങ്ങൾക്കു മുൻപ് ഫിലിപ്പീൻസ് സമുദ്രാർത്തിയിൽ നിന്നും പുറപ്പെട്ട കാർണിവൽ സ്‌പ്ളെൻഡർ എന്ന ആഡംബര കപ്പൽ കൊച്ചി തുറമുഖത്ത് അടുക്കാതെ മുംബയിലേക്ക്. കപ്പലിലെ ആയിരം ജീവനക്കാരിൽ 200 പേരും മലയാളികളാണ്.

കൊവിഡ് പരിശോധനകൾക്ക് കൂടുതൽ സൗകര്യം കണക്കിലെടുത്താണ് കപ്പൽ മുംബയിലേക്ക് വിടുന്നതെന്നാണ് കപ്പൽ അധികൃതർ അറിയിച്ചത്. യു.എസ്.ആ സ്ഥാനമായ കാർണിവൽ കമ്പനിയുടേതാണ് കപ്പൽ.

കാർണിവൽ സ്‌പ്ളെൻഡർ കൊച്ചി, ഗോവ, മുംബയ് പോർട്ടുകളിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് മാറ്റം വരുത്തിയത്. ഫിലിപ്പീൻസിൽ 20 ദിവസം നങ്കൂരമിട്ടതിനു ശേഷമാണ് കപ്പൽ പുറപ്പെട്ടത്. ഇപ്പോൾ കപ്പൽ കൊച്ചി തുറമുഖത്ത് നിന്നും കിലോമീറ്ററുകൾ മാറിയാണ് കിടക്കുന്നത്. മലയാളി ജീവനക്കാർ മുംബയിൽ ഇറങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുക ദുഷ്കരവുമാണ്.

കാർണിവൽ കമ്പനിയുടെ എക്സ്റ്റാസി, കോൺക്വസ്റ്റ്, ഫാസിനേഷൻ, ലിബർട്ടി എന്നീ നാല് കപ്പലുകളും കൂടി എത്താനുണ്ട്. ഈ കപ്പലുകളിൽ അയ്യായിരം ജീവനക്കാർ ഉള്ളതായാണ് വിവരം. 70 ദിവസമായി ഇവർ കപ്പലിൽ തന്നെയാണ്.