# ഇരുവരെയും കസ്റ്റഡിയിൽ എടുത്തേക്കും
തൃക്കാക്കര: പ്രളയ ഫണ്ടിൽ നിന്ന് താൽക്കാലിക രസീത് ഉപയോഗിച്ച് തട്ടിയെടുത്തതായി പറയുന്ന തുക ട്രഷറിയിൽ അടക്കാൻ ഓഫീസിലെ പ്യൂണായ ചിത്രയുടെയും സഹായിയായ ജോസിന്റെയും പക്കൽ ഏൽപ്പിച്ചിരുന്നതായി ഒന്നാം വിഷ്ണു പ്രസാദ്.
ടി.ആർ. 5 രസീതിന് പകരമായി വിഷ്ണുപ്രസാദ് തയ്യാറാക്കിയ താത്കാലിക രസീത് ഉപയോഗിച്ചും കമ്പ്യൂട്ടറിൽ അനർഹരുടെ പേര് തിരുത്തിയും സ്വന്തം അക്കൗണ്ടിലേക്ക് 89,57,302 ലക്ഷം രൂപ തട്ടിയെന്നതാണ് കേസ്.
തനിക്ക് എങ്ങിനെ ഇത്രയും വലിയ തട്ടിപ്പ് നടത്താനാകുമെന്ന നിലപാടാണ് ചോദ്യം ചെയ്യലിൽ പൊലീസ് കസ്റ്റഡിയിലുള്ള വിഷ്ണു ചോദ്യം ചെയ്യലിൽ സ്വീകരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ മാത്രം പറയുന്നതല്ലാതെ വ്യക്തമായ വിവരങ്ങൾ ഒന്നും ഇയാൾ വെളിപ്പെടുത്തിയിട്ടില്ല.
ഗുണഭോക്താക്കൾ തിരിച്ചടച്ച തുക ട്രഷറിയിൽ അടയ്ക്കാൻ ഓഫീസിലെ പ്യൂണായ ചിത്രയുടെയും അനധികൃതമായി ഇവിടെ പ്യൂണായി പ്രവർത്തിക്കുന്ന ജോസിന്റെയും പക്കൽ ഏൽപ്പിച്ചുവെന്ന നിലപാടാണ് ഇയാൾ സ്വീകരിക്കുന്നത്. ഈ മൊഴി രേഖപ്പെടുത്തിയാൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരും. ജൂനിയർ സൂപ്രണ്ടു മുതലുളള മേലുദ്യോഗസ്ഥർ വരുത്തിയ ഗുരുതരമായ വീഴ്ചകളാണ് ഈ തട്ടിപ്പിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തട്ടിപ്പിൽ ഇവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്യൂണിന്റെ വേഷത്തിൽ പ്രവർത്തിച്ച ജോസ് സർക്കാർ ജീവനക്കാരനോ താൽക്കാലിക ജീവനക്കാരനോ അല്ല. ഇയാളുടെ അമ്മ ഇവിടെ സ്വീപ്പറായിരുന്നുവത്രെ. ആ പരിചയം കൊണ്ട് കളക്ടറേറ്റിലെ ജീവനക്കാരനെ പോലെ പ്രവർത്തിച്ചിരുന്നത്. ഇയാൾക്ക് മാസം 10,000 രൂപ വിഷ്ണു പ്രസാദ് ശമ്പളമായി കൊടുത്തിരുന്നു.. സുപ്രധാനമായ ജില്ലാ ഭരണകേന്ദ്രത്തിൽ ഇങ്ങിനെ ഒരാൾ വർഷങ്ങളോളം ജോലി ചെയ്ത കാര്യവും ദുരൂഹമാണ്.
# പരിഹാരം സെല്ലിൽ വീണ്ടും തെളിവെടുപ്പ് നടത്തി
വിഷ്ണുപ്രസാദുമായി അന്വേഷണ സംഘം ഇന്നലെ പരിഹാരം സെല്ലിൽ തെളിവെടുപ്പ് നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ വിഷ്ണുപ്രസാദിന്റെ രണ്ട് ഡയറികൾ അന്വേഷണ സംഘം പിടിച്ചെടുത്തു. ചില ഫയലുകളും പണം അടച്ച രസീതുകളും കണ്ടെത്തി.
പരിഹാരം സെല്ലിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഇന്ന് വീണ്ടും തെളിവെടുപ്പ് തുടരും.
സംഭവത്തിന് ശേഷം കാണാതായ ചില ഫയലുകളും രസീതുകളും എവിടെയാണെന്ന് അറിയില്ലെന്ന് നിലപാടിലാണ് വിഷ്ണു പ്രസാദ്.