കുവൈത്തിൽ നിന്ന് മാത്രം നാല് വിമാനങ്ങൾ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ഇന്ന് 1580 പ്രവാസികൾ കൂടി നാട്ടിലെത്തും. ഇന്നലെ വിവിധ രാജ്യങ്ങളിൽ നിന്നായി 1320 പേരെത്തി.
ഇന്ന് കുവൈത്തിൽ നിന്ന് മാത്രം നാല് വിമാനങ്ങളുണ്ട്. ജസീറ വിമാനം 160 യാത്രക്കാരുമായി പുലർച്ചെ 1.20നും കുവൈറ്റ് എയർവേയ്‌സ് 320 യാത്രക്കാരുമായി പുലർച്ചെ നാലിനും ജസീറ 160 യാത്രക്കാരുമായി രാവിലെ ഏഴിനും കൊച്ചിയിലിറങ്ങും. കുവൈത്തിൽ നിന്ന് ഗോ എയർ വിമാനം 180 യാത്രക്കാരുമായി വൈകിട്ട് നാലിനെത്തും. അബുദാബിയിൽ നിന്നുള്ള സ്‌പൈസ്‌ജെറ്റ് 183 പേരുമായി പുലർച്ചെ മൂന്നിനും സിംഗപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 177 യാത്രക്കാരുമായി രാത്രി പത്തിനും ദമ്മാമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 400 യാത്രക്കാരുമായി വൈകിട്ട് 6.50നും കൊച്ചിയിലെത്തും.
അഞ്ച് ചാർട്ടേഡ് വിമാനങ്ങളും വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ഒരു വിമാനവുമാണ് ഇന്നലെ കൊച്ചിയിലെത്തിയത്. ദമാമിൽ നിന്നുള്ള ഗൾഫ് എയർ വിമാനവും ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനവും റദ്ദാക്കി. ഷെഡ്യൂളിൽ ഇല്ലാതിരുന്ന എയർ അറേബ്യയുടെ പ്രത്യേക സർവീസ് 166 യാത്രക്കാരുമായെത്തി.