ആലുവ: കേന്ദ്ര സർക്കാർ റദ്ദാക്കിയ 69.47 കോടി രൂപയുടെ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതിയും 85 കോടിയുടെ തീർത്ഥാടക സർക്യൂട്ട് പദ്ധതിയും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. പദ്ധതി റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി ആലുവ പാസ്‌പോർട്ട് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച കണ്ണാടി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക നിലയങ്ങളുടെ ഉന്നമനത്തിന് കിഫ്ബിയിൽ പ്രഖ്യാപിച്ച 700 കോടി രൂപയിൽ നിന്ന് പദ്ധതിക്ക് വേണ്ട തുക മാറ്റിവെക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വിഷയത്തിൽ ആത്മാർത്ഥതയില്ലെന്നും അൻവർ സാദത്ത് കുറ്റപ്പെടുത്തി. ബ്ലോക്ക് ചെയർമാൻ കെ.എച്ച്. ഷാജി അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ഒ.ബി.സി കോൺഗ്രസ് ജില്ലാ ചെയർമാൻ വില്യം ആലത്തറ, ജില്ലാ വൈസ് ചെയർമാൻ പി.ആർ. നിർമ്മൽകുമാർ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.പി. സിയാദ്, ജവഹർ ബാലജന വേദി ആലുവ ബ്ലോക്ക് ചെയർമാൻ പി.എച്ച്.എം. ത്വൽഹത്ത് തുടങ്ങിയവർ സംസാരിച്ചു.
നെടുമ്പാശേരി: ഒ.ബി.സി കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക് കമ്മിറ്റി കരിയാട് (മേക്കാട് ) പോസ്റ്റോഫീസ് നു മുമ്പിൽ സംഘടിപ്പിച്ച കണ്ണാടി സമരം എം.എ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.വൈ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോമി, ദിലീപ് കപ്രശ്ശേരി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.എ. ചന്ദ്രൻ, വി.എ. ദാനിയേൽ, ഷിജു ജോണി, കെ.ടി. കുഞ്ഞുമോൻ, പി.വൈ. എൽദോ, ജിസ് തോമസ്, പി.കെ. മനോജ്, വർഗീസ് കോട്ടായി, ഈസികുട്ടി, എ.സി. എൽദോ എന്നിവർ സംസാരിച്ചു.