rsby-

കൊച്ചി: കുടിശ്ശിക കോടികളായതോടെ, സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴിയുള്ള ചികിത്സ സ്വകാര്യ ആശുപത്രികൾ നിഷേധിക്കുന്നു. ആശുപത്രികൾ പലതും കാർഡ് എടുക്കില്ലെന്ന് രോഗികളെ അറിയിച്ചുതുടങ്ങി.

കേരള സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി,​ കേന്ദ്ര സർക്കാരിന്റെ​ ഇ.എസ്.ഐ,​ ഇ.സി.എച്ച്.എസ് എന്നിവ വഴി 290 കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് കിട്ടാനുള്ളത്. ആർ.എസ്.ബി.വൈയിൽ നിന്ന് കേന്ദ്രം പിന്മാറിയ മട്ടാണ്.

ലോട്ടറി വഴിയുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് ലയിപ്പിച്ച് സംസ്ഥാനം ആരംഭിച്ച കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ (കാസ്പ്)​ 41.64 ലക്ഷം കുടുംബങ്ങൾ അംഗങ്ങളാണ്. പണം അനുവദിക്കാത്തതിനെ ചൊല്ലി നടത്തിപ്പുകാരായ റിലയൻസ് ഇൻഷ്വറൻസുമായി തർക്കമുണ്ടായതോടെ അവരെ ഒഴിവാക്കി. ജൂലായ് ഒന്ന് മുതൽ പദ്ധതി സർക്കാർ നേരിട്ട് നടത്തും. അങ്ങനെ വരുമ്പോൾ കുടിശ്ശിക തുക സർക്കാർ നൽകുംവിധം പദ്ധതി ക്രമീകരിക്കണം. ഇതിനായി നിയമനടപടിക്ക് ഒരുങ്ങുകയാണ് ആശുപത്രി ഉടമകൾ.

ഇ.എസ്.ഐ പദ്ധതിയിൽ കിടത്തി ചികിത്സ നൽകുമെങ്കിലും മിക്ക ആശുപത്രികളും ശസ്ത്രക്രിയ ഉൾപ്പെടുത്തുന്നില്ല. വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും സൗജന്യ ചികിത്സ നൽകുന്നതാണ് ഇ.സി.എച്ച്.എസ് പദ്ധതി.

വിവധ ഇൻഷ്വറൻസുകളും

ആശുപത്രിക്ക് കുടിശികയും

 ഇ.സി.എച്ച്.എസ് : 180 കോടി

 ഇ.എസ്.ഐ : 60 കോടി

 കാരുണ്യ : 50 കോടി

''ഓരോ ആശുപത്രിക്കും കോടികളാണ് നൽകാനുള്ളത്. പലരും വായ്പയെടുത്താണ് ആശുപത്രി നടത്തുന്നത്. ഇൻഷ്വറൻസ് തുക ഇനിയും കുടിശിക വന്നാൽ നടത്തിപ്പ് താളം തെറ്റും''

അഡ്വ. ഹുസൈൻ കോയ തങ്ങൾ, പ്രസിഡന്റ്,

കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോ.