ബെംഗളൂരു: കൊവിഡിന്റെ സാഹചര്യത്തിൽ രാജ്യം നേടിരുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുകയില ഉത്പന്നങ്ങള്‍ക്ക് പ്രത്യേക കൊവിഡ് സെസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു.പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍, ഡോക്ടര്‍മാര്‍, ആക്ടിവിസ്റ്റുകള്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിവര്‍ ഈ ആവശ്യം ഉന്നയിച്ച് ജിഎസ്ടി കൗണ്‍സിലിന് കത്തയച്ചു.നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുകയില ഉത്പന്നങ്ങള്‍ക്ക് പ്രത്യേക സെസ് ഏര്‍പ്പെടുത്തണമെന്ന് കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.
അസം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സെസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.ബീഡി, സിഗരറ്റ്, പുകയില്ലാത്ത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില സര്‍ക്കാര്‍ ഉയര്‍ത്തണമെന്ന് കര്‍ണാടകയിലെ മൂവ്മെന്റ് ഫോര്‍ യൂത്ത് അവയര്‍നെസ്സ് എന്ന കൂട്ടായ്മ ആവശ്യപ്പെട്ടു. സിഗരറ്റിന് 5 രൂപയും ബീഡിക്ക് 1 രൂപയും പുകയില്ലാത്ത പുകയില ഉത്പന്നങ്ങള്‍ക്ക് 50 ശതമാനവുമാണ് വില ഉയര്‍ത്തേണ്ടത്. പുകയില ഉത്പന്നങ്ങള്‍ക്ക് പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ 49,740 കോടി രൂപ അധിക വരുമാനമായി നേടാനാവും.
പുകയില ഉത്പന്നത്തിന്റെ വിലയുടെ 75 ശതമാനം വരെ നികുതി ചുമത്താമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയില്‍ സിഗററ്റിന്റെ വിലയില്‍ 49.5 ശതമാനമാണ് നികുതി. ബീഡിക്ക് 22 ശതമാനവും പുക ഇല്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ മേലുള്ള നികുതി 63.7 ശതമാനവുമാണ്.പുകയില ഉല്‍പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നത് വരുമാനം വര്‍ധിപ്പിക്കുന്നത് മാത്രമല്ല, വില കൂടുന്നതോടെ പുകവലിക്കുന്നത് കുറയ്ക്കാനും സഹായിക്കും.