കൊച്ചി: മുതിർന്ന ആർ.എസ്.എസ് പ്രചാരകനും ബി.എം.എസ് മുൻ അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമായ ആർ. വേണുഗോപാൽ (96) അന്തരിച്ചു. സംസ്കാരം നടന്നു.
നിലമ്പൂർ രാജകുടുംബത്തിലെ കോവിലകത്ത് കൊച്ചുണ്ണി തമ്പാന്റെയും പാലക്കാട് കൊല്ലങ്കോടത്ത് രാവുണ്യാരേത്ത് നാണിക്കുട്ടി അമ്മയുടെയും മകനാണ്. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. കേസരി മുഖ്യ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
1942 ൽ ആർ.എസ്.എസിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ അഞ്ച് പ്രചാരകന്മാരിൽ ഒരാളായിരുന്നു.
1967 ൽ കേരളത്തിൽ ബി.എം.എസ് രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. രണ്ടു തവണ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ജനീവയിൽ നടന്ന ലോക തൊഴിലാളി കോൺഗ്രസിൽ പങ്കെടുത്തിട്ടുണ്ട്. ചൈന സന്ദർശിച്ച ആദ്യ കമ്മ്യൂണിസ്റ്റ് ഇതര തൊഴിലാളി സംഘടനാപ്രതിനിധിയും ആർ. വേണുഗോപാലാണ്. ഇതര തൊഴിലാളി സംഘടനകളുമായി നല്ല ബന്ധവും കൂട്ടായ്മയും സൃഷ്ടിക്കാനും അതു ഉറപ്പിച്ചുനിറുത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1946ൽ ആർ.എസ്.എസ് പ്രചാരകനായി വീടുവിട്ട അദ്ദേഹം ജീവിതാവസാനംവരെ സംഘം പ്രചാരകനായി തുടർന്നു. ബി.എം.എസിന്റെ ചുമതലകളിൽ നിന്നൊഴിഞ്ഞ് കേരളത്തിലേക്ക് പ്രവർത്തനമേഖല മാറ്റിയ വേണുഗോപാൽ ആർ.എസ്.എസിൽ വിവിധ പദവികൾ വഹിച്ചു. സംസ്ഥാന കാര്യാലയമായ എളമക്കര മാധവനിവാസിലായിരുന്നു താമസം. രാഷ്ട്രീയ സാംസ്കാരികരംഗത്തെ നിവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.