മൂവാറ്റുപുഴ: പായിപ്ര സമഷ്ടി വളവിലെ കുടിവെള്ള പൈപ്പ് പൊട്ടിയത് വാട്ടർ അതോറിറ്റി കാണുന്നില്ലേ. ആറ് മാസത്തിലധികമായി സമഷ്ടി വളവിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. ജപ്പാൻ കുടിവെള്ള പൈപ്പിന്റെ പ്രധാന പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. റോഡിനോട് ചേർന്ന് ചെറിയ കൈത്തോടുള്ളതിനാൽ വെള്ളം കുത്തിയൊഴുകി പോകുന്നത് പെട്ടെന്ന് നോക്കിയാൽ കാണാൻ കഴിയില്ല. എന്നാൽ റോഡ് സൈഡിൽ എപ്പോഴും ഒരേ നിരപ്പിൽ വെള്ളം കിടക്കുകയും ചെയ്യും. മാസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിലും തോട്ടിലേക്കുമായി ഒഴുകിപ്പോകുന്നത്.
#ശുദ്ധജലം മലിനമാകുന്നു
മലിനമായ ജലം പൊട്ടിയ പൈപ്പിന്റെ വിടവിലൂടെ പ്രവേശിക്കുന്നതോടെ കുടിവെള്ളം ആകെ മലിനമാകുന്നു. ഒരാഴ്ച മുമ്പ് പായിപ്ര സൊസൈറ്റിപ്പടിക്ക് സമീപമുള്ള തമ്പി ശേഖരിച്ച പൈപ്പുവെള്ളത്തിൽ നൂൽപാമ്പിനെ കണ്ടതായി പരാതി ഉയർന്നിരുന്നു.
#ആറ് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല
പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്ന വിവിരം മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയെ നാട്ടുകാർ അറിയിച്ചിട്ടുള്ളതാണ്. ഇതുസംബന്ധിച്ച് മാദ്ധമങ്ങളിൽ വാർത്തയും വന്നിരുന്നു. എന്നാൽ ഇതുവരെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
#അപകടങ്ങൾക്ക് കാരണമാകുന്നു
വെള്ളം സ്ഥിരമായി ഒഴുകുവാൻ തുടങ്ങിയതോടെ റോഡിന്റെ സൈഡ് ഇടിയുവാനും ടാറിംഗ് ഇളകുവാനും തുടങ്ങി. ഇതോടെ ഇവിടം സ്ഥിരമായി വാഹന അപകടമുണ്ടാകുന്ന മേഖലയായി മാറി. കൊടും വളവിലെ റോഡിന്റെ സൈഡിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിൽ അപകടം കാണാതെ ആ സൈഡ് ചേർന്ന് പോകുന്ന ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്.
#അടിയന്തര നടപടിവേണം
പായിപ്ര സമഷ്ടി വളവിലെ പൊട്ടിയ കുടിവെള്ള പൈപ്പ് അടിയന്തരമായി അറ്റകുറ്റപ്പണികൾ തീർത്ത് ശുദ്ധജലം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും വളവിലെ അപകടം ഒഴിവാക്കുന്നതിനും വാട്ടർ അതോറിറ്റി തയ്യാറാകണം.
പി.എസ്. ഗോപകുമാർ, പഞ്ചായത്ത് മെമ്പർ.