child-labour
photo

കൊച്ചി: കേരളത്തിലെ തൊഴിലിടങ്ങളിൽ ബാല്യ കൗമാരങ്ങൾ ബാലവേലയിൽ കരിയുന്നത് പൂർണമായും തടയാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതായി ചൈൽഡ് ലൈനിന്റെ കണക്കുകൾ പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ബാലവേലകൾ പകുതിയായി. 2017-18 ൽ 142 കുട്ടികളെയാണ് ചൈൽഡ് ലൈൻ ബാലവേലയിൽ നിന്ന് രക്ഷിച്ചതെങ്കിൽ 2019-20ൽ രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം 78 ആയി കുറഞ്ഞു. ഇതിൽ 71പേരും ആൺകുട്ടികളാണ്. പെൺകുട്ടികൾ ഏഴ് പേരേ ഉള്ളൂ.

ബാലവേല ചെയ്യുന്ന പെൺകുട്ടികളിൽ നഗരങ്ങളിൽ വീട്ടു ജോലിക്കായി നിറുത്തുന്ന ആദിവാസി പെൺകുട്ടികളും ഉണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണസമിതി മുൻപ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. വളരെ ദരിദ്രമായ വീടുകളിലെ പെൺകുട്ടികളാണ് ബാലവേലയ്‌ക്ക് പോകുന്നത്. പട്ടിക വർഗ വികസന വകുപ്പും മറ്റ് വകുപ്പുകളും ആദിവാസി മേഖലകളിൽ ക്ഷേമപദ്ധതികൾ നടപ്പാക്കുമ്പോഴും,​ എണ്ണത്തിൽ കുറവാണെങ്കിലും ആദിവാസി പെൺകുട്ടികൾക്ക് ബാലവേലയ്ക്ക് പോകേണ്ടി വരുന്നതാണ് വൈരുദ്ധ്യം.

ഫാക്ടറികളിലും തോട്ടങ്ങളിലും ബാലവേല ചെയ്യുന്നത് അന്യസംസ്ഥാനക്കാരായ ആൺകുട്ടികളാണെന്നും കമ്മിഷൻ കണ്ടെത്തിയിരുന്നു. അകന്ന ബന്ധുക്കളാണ് ആൺകുട്ടികളെ കേരളത്തിലെത്തിക്കുന്നത്.

തിരുവനന്തപുരം (11)​,​ എറണാകുളം (18)​,​ വയനാട് (11)​ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ ഇക്കൊല്ലം ബാലവേലയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

 ബാലവേല

14 വയസിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നതാണ് ബാലവേല.

 രക്ഷയ്ക്കായി ശരണബാല്യം

തെരുവുബാല്യ വിമുക്ത കേരളത്തിനായി വനിതാശിശുസംരക്ഷണ വകുപ്പ് 2017ൽ ആരംഭിച്ച പദ്ധതിയാണ് ശരണബാല്യം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായിരുന്നു തുടക്കം. 2018ൽ സംസ്ഥാന വ്യാപകമാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,​ ചൈൽഡ് റെസ്‌ക്യൂ ഓഫീസറുടെ സഹായത്തോടെ ബാലവേല സാദ്ധ്യതയുള്ള ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തിയാണ് കുട്ടികളെ രക്ഷിക്കുന്നത്. ഈ കുട്ടികളെ ബോധവത്കരിച്ച് ബന്ധുക്കൾക്കൊപ്പം നാടുകളിലേക്ക് തിരിച്ചയയ്‌ക്കും. ഇവർ വീണ്ടും ബാലവേലയിൽ എത്തുന്നത് തടയാൻ പദ്ധതികൾ ഇല്ല.

ചെയർമാനും അംഗങ്ങളുമില്ല

ബാലാവകാശ കമ്മിഷന് ഇപ്പോൾ നാഥനില്ല. ചെയർമാനും നാലംഗങ്ങളും മേയിൽ സ്ഥാനമൊഴിഞ്ഞു. ചെയർമാൻ സ്ഥാനത്തേക്കുള്ള അഭിമുഖം നടന്നു. ജൂൺ 15,​16 തീയതികളിൽ അംഗങ്ങൾക്കായുള്ള അഭിമുഖം നടക്കും.

''വീട്ടുജോലിയിൽ നിന്ന് രക്ഷിക്കുന്ന കുട്ടികളെ പുനരധിവസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നുണ്ട്. വീട്ടുടമയിൽ നിന്ന് ഈടാക്കുന്ന പിഴ പുനരധിവാസത്തിന് ഉപയോഗിക്കും.''

നസീർ. കെ

ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം