
ആലുവ: നക്ഷത്ര ക്ളബിലെ ചീട്ടുകളി കേന്ദ്രം റെയ്ഡ് നടത്തി പിടിച്ചെടുത്ത തുകയിൽ പാതി അന്വേഷണ സംഘത്തിന് നൽകണമെന്ന് ഉത്തരവിട്ട അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ടി.കെ. മമതയുടെ നടപടിയിൽ പൊലീസിൽ ആഹ്ളാദം. പിടിച്ചെടുക്കുന്ന തുകയുടെ 20 ശതമാനമാണ് റിവാർഡായി സാധാരണ അനുവദിക്കാറ്.
2017 ഒക്ടോബറിലാണ് സമൂഹത്തിലെ ഉന്നതന്മാർ അംഗങ്ങളായ ദേശം പെരിയാർ ക്ളബ് റെയ്ഡ് നടത്തി 18,06,209 രൂപ പൊലീസ് പിടിച്ചെടുത്തത്. അന്ന് എസ്.പിയായിരുന്ന എ.വി. ജോർജിന്റെ സ്പെഷ്യൽ സ്ക്വാഡാണ് ആദ്യം ചീട്ടുകളി കേന്ദ്രത്തിലെത്തിയത്. പിന്നീട് നെടുമ്പാശേരി പൊലീസിനെയും വിളിച്ചുവരുത്തി.
ക്ളബ് ചുമതലക്കാരും ജീവനക്കാരും ഉൾപ്പടെ 33 പ്രമുഖരാണ് കുടുങ്ങിയത്. നോട്ട് എണ്ണൽ യന്ത്രം ഉൾപ്പെടെ പിടികൂടി. കേസൊഴിവാക്കുന്നതിനായി കടുത്ത സമ്മർദ്ദങ്ങളുണ്ടായെങ്കിലും അതൊന്നും പൊലീസ് കാര്യമാക്കിയില്ല.
റെയ്ഡിൽ പങ്കാളികളായ എസ്.ഐ മുതൽ കോൺസ്റ്റബിൾമാർ വരെയുള്ള റൂറൽ ജില്ലയിലെ 23 പൊലീസ് ഉദ്യോഗസ്ഥർക്ക് 39,140 രൂപ വീതം ലഭിക്കും. കോടതിയിൽ നിന്നു നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ലഭിക്കുന്ന ട്രഷറി ചെക്ക് മാറി റിവാർഡ് കൈമാറും.
സംഭവം നടക്കുമ്പോൾ നെടുമ്പാശേരി എസ്.ഐയായിരുന്ന സോണി മത്തായി (നിലവിൽ സി.ഐ), ജില്ലാ സ്ക്വാഡ് എസ്.ഐയായിരുന്ന പി.ജെ. നോബിൾ (നിലവിൽ എടത്തല സി.ഐ), എസ്.ഐ ടി.എം. ജോൺസൺ, എ.എസ്.ഐമാരായ ജോയി (സർവീസിൽ നിന്നു വിരമിച്ചു), സജീവ് ചന്ദ്രൻ, എസ്.സി.പി.ഒമാരായ തോമസ്, ഷാബു, സാബു, സി.പി.ഒമാരായ സിജോ, യാസന്ത്, ശ്യാംകുമാർ, രഞ്ജിത്ത്, ടി.എ. ജാബിർ, രൂപേഷ്, സലീഷ്, ശ്യാംലാൽ, മുഹമ്മദ്, പ്രശാന്ത്, പ്രശാന്ത്, മനോജ് കുമാർ, നിഖിലേഷ്, അഖിൽ, വനിത സി.പി.ഒ നീതു എന്നിവർക്കാണ് റിവാർഡ് തുക ലഭിക്കുക.
ശിക്ഷ?
ചീട്ടുകളി കേന്ദ്രത്തിൽ നിന്നു പിടിയിലായവർക്കെതിരെ കേരള ഗെയിമിംഗ് ആക്ട് പ്രകാരം 500 രൂപ പിഴ മാത്രമാണ് ചുമത്താനാവുന്നത്. പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കുകയും ചെയ്യും. പണം നഷ്ടപ്പെടുന്നതും മാദ്ധ്യമങ്ങളിൽ വാർത്തയാകുന്നതുമാണ് ഇത്തരക്കാർക്ക് ലഭിക്കുന്ന പ്രധാന ശിക്ഷ.