കൊച്ചി : എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും കോർപ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും പരാജയവുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് എസ്. ജയകൃഷ്ണൻ പറഞ്ഞു. മേയർ സൗമിനി ജെയിൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പണി തീരാത്ത കോർപ്പറേഷൻ കെട്ടിടത്തിന് മുന്നിൽ യുവമോർച്ച നടത്തിയ നിൽപ്പുസമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോശ്രീ പാലത്തിന് സമീപം കൊച്ചി കായലിനോട് ചേർന്ന് ഒന്നരഏക്കർ സ്ഥലത്ത് പുതിയ ഓഫീസ് സ്ഥാപിക്കുന്നതിനായി 20 വർഷം മുമ്പ് തറക്കല്ലിട്ടുവെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റവന്യു വരുമാനം കിട്ടുന്ന നഗരസഭയായ കൊച്ചി കോർപ്പറേഷൻ ഈ ആസ്ഥാന മന്ദിരത്തെ വെള്ളാനയായി കാണുകയാണെന്ന് എസ്. ജയകൃഷ്ണൻ പറഞ്ഞു.
കൗൺസിലർ സുധദിലീപ് , യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഡ്വ: വിഷ്ണുപ്രദീപ്, മേഖലാ സെക്രട്ടറി കെ.എസ്. രാജേഷ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എസ്. സ്വരാജ്, ജയകൃഷ്ണൻ കെ.പി, യുവമോർച്ച നേതാക്കളായ അഡ്വ. എൻ.ജെ. അശ്വിൻ, ഷിജിൻകുമാർ, കെവിൻ എന്നിവർ സംസാരിച്ചു.