കൊച്ചി: നിരക്ക് വർദ്ധിപ്പിച്ചെങ്കിലും നിരത്തിലിറക്കുന്ന ബസുകളുടെ എണ്ണം കുറഞ്ഞു തന്നെ. മുപ്പതോളം ബസുകൾ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്.
വരുമാന നഷ്ടം സഹിച്ചും സർവീസ് നടത്തേണ്ടതില്ലെന്നാണ് ബസുടമകളുടെ തീരുമാനം. വർദ്ധിപ്പിച്ച നിരക്ക് ഈടാക്കിയാണ് സർവീസ് നടത്തുന്നത്. എന്നിട്ടും അധികം ബസുകൾ ഓടാത്തത് ജനങ്ങളുടെ യാത്രാ ദുരിതം വർദ്ധിപ്പിച്ചു.
രാവിലെയും വൈകിട്ടും സാമൂഹ്യ അകലം പാലിക്കാതെ ബസുകളിൽ തിങ്ങി നിറഞ്ഞു യാത്രക്കാരുണ്ടായിരുന്നു.
ടിക്കറ്റ് നിരക്ക് 50 ശതമാനം വർദ്ധിപ്പിച്ചാൽപോലും നിലവിലെ സാഹചര്യത്തിൽ സർവീസുകൾ ലാഭകരമല്ലെന്ന് ബസ് ഉടമകൾ പറയുന്നു. അതു കൊണ്ടു തന്നെ ഉടമകളെ നിർബന്ധിക്കേണ്ടെന്ന നിലപാടിലാണ് ബസ് അസോസിയേഷനെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.ബി. സത്യൻ പറഞ്ഞു.
ലാഭം ലഭിക്കുമെന്ന് ഉറപ്പുള്ള ബസുകൾ സർവീസ് തുടരുന്നുണ്ട്. മറ്റുള്ളവ വിട്ടു നിൽക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ബസുളുടെ എണ്ണം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. രാവിലെയും വൈകിട്ടും ബസുകളുടെ അഭാവം ജോലിക്കാർ അടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സി:
60 അധിക ബസുകൾ
സ്വകാര്യബസുകളുടെ അഭാവത്തിൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തി. ഇന്നലെ 60 ബസുകൾ നിരത്തിലിറങ്ങി. ആകെ 310 സർവീസുകൾ ഓടി.
കെ.എസ്.ആർ.ടി.സി. ബസുകൾക്ക് രാവിലെയും വൈകിട്ടുമാണ് ആവശ്യക്കാർ ഏറെ. അതിനാൽ കൂടുതൽ ബസുകൾ ആവശ്യമാണെന്ന് ഡി.ടി.ഒ. വി.എം. താജുദ്ദീൻ പറഞ്ഞു.