കൊച്ചി: പരേതനായ സ്വാതന്ത്ര്യ സമര സേനാനി ആമചാടി തേവന്റെ പട്ടയ ഭൂമി സ്വകാര്യ വ്യക്തി വ്യാജ പട്ടയംനിർമിച്ച് കൈവശപ്പെടുത്തിയതായി മകൻ എ.ടി പ്രഭാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആമചാടിതേവന്റെ സ്തൃതി മണ്ഡപവും വീടും നിലനിൽക്കുന്ന പൂത്തോട്ടകരയിലെ 43 സെന്റ് ഭൂമിയാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി സമർപ്പിച്ചെങ്കിലും വസ്തുത അന്വേഷിക്കാൻ ആരും തയാറായില്ല.കഴിഞ്ഞ നവംബറിൽ വൈക്കം എം.എൽ.എ ആശ മുഖേന റവന്യൂമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിന് ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. എറണാകുളം ജില്ല കലാക്ടറെ ചുതമലപ്പെടുത്തി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ള ഈ വ്യക്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യസമര നേതാക്കന്മാരായിരുന്ന കെ.പി കേശവമേനോൻ, ടി.കെ മാധവൻ എന്നിവരുടെ ശ്രമഫലമായിരുന്നു സ്വന്തമായ ഭൂമിയില്ലാതിരുന്ന ആമചാടിതേവന് പൂത്തോട്ടകരയിലെ കായൽനിലം പതിച്ചുനൽകപ്പെട്ടത്. ഇതിൽ കുറച്ചു ഭൂമി വിറ്റിരുന്നെങ്കിലും ബാക്കിയുള്ള ഭൂമിയിലാണ് കഴിഞ്ഞിരുന്നത്. ഇതാണ് സ്വകാര്യവ്യക്തി കൈക്കലാക്കി​യിരിക്കുന്നത്. ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഇടപെടണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ടി.വി സാംജി, മാധ്യമപ്രവർത്തകൻ ഐസക്ക് കാട്ടടി, എ.ടി. ചിത്ര എന്നിവർ പങ്കെടുത്തു.