കർഷകരെ സഹായിക്കാൻ പോയവർ വഞ്ചിതരായി
കോലഞ്ചേരി: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്റി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അപേക്ഷകൾ തയ്യാറാക്കി നല്കിയ താല്ക്കാലിക തൊഴിലാളികൾക്ക് ഒരു വർഷം കഴിയുമ്പോഴും ജോലിക്കു കൂലിയില്ല. കഴിഞ്ഞ മാർച്ചിൽ യോഗ്യരായ കർഷകരുടെ അപേക്ഷകൾ അടിയന്തരമായി തയ്യാറാക്കി നല്കാൻ ഓരോ കൃഷി ഭവനും നിർദ്ദേശം ലഭിച്ചിരുന്നു. കൃഷി ഭവന്റെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാൻ പദ്ധതിയുടെ അപേക്ഷ കമ്പ്യൂട്ടറിൽ അപ് ലോഡ് ചെയ്യുന്നതിനും മറ്റുമായി വകുപ്പിന്റെ അറിവോടെ താല്ക്കാലികമായി ആളെയെടുത്താണ് ജോലി പൂർത്തിയാക്കിയത്.
ജോലിയുടെ കൂലി ചോദിച്ച് കൃഷിഭവനുകൾ കയറി ഇറങ്ങലാണ് ഇപ്പോൾ ഇവരുടെ പ്രധാനജോലി. ഉദ്യോഗസ്ഥർ കൈ മലർത്തുകയും ചെയ്യുന്നു.
പകൽ സെർവറിന്റെ പ്രശ്‌നം ഉണ്ടായതിനാലും, അപേക്ഷകൾ കുന്നു കൂടിയതിനാലും രാത്രി ഉറക്കമിളച്ചാണ് പലരും ജോലി പൂർത്തിയാക്കിയത്. ഒരു അപേക്ഷ അപ് ലോഡ് ചെയ്യാൻ 6 രൂപയായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്. കൃഷി അസിസ്റ്റന്റുമാരാണ് ജോലിക്കാളെ കണ്ടെത്തിയത്. പണം കിട്ടാതായതോടെ പണിയെടുത്തവർ ഇവരെയാണ് സമീപിക്കുന്നത്.
ഇവരുടെ കഷ്ടപ്പാടു കണ്ട് ചില കൃഷിഭവൻ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് കുറച്ചെങ്കിലും നല്കി തടിയൂരി.
ജില്ലയിൽ രണ്ട് ലക്ഷത്തിന് മേൽ അപേക്ഷകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ അടിയന്തിരമായി ഇടപ്പെടണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്റി വി.എസ്.സുനിൽകുമാറിനും, കൃഷി വകുപ്പ് ഡയറക്ടർക്കും, ജില്ലാ കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്കും പരാതി നല്കിയിട്ടുണ്ട്.