കിഴക്കമ്പലം: വേതനമില്ല, ആനുകൂല്യങ്ങളുമില്ല, കിഴക്കമ്പലം മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. വർദ്ധിപ്പിച്ച ബസ് ചാർജ് ഈടാക്കാമെന്ന് കോടതി ഉത്തരവ് വന്നിട്ടും ബസുടമകൾ തൊഴിലാളി സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്.

മേഖലയിലെ സ്വതന്ത്ര ബസ് തൊഴിലാളി യൂണിയനാണ് പണിമുടക്കുന്നത്. പണിമുടക്ക് പൊളിക്കാൻ ചില ബസുടമകൾ സ്വന്തക്കാരെയും ബന്ധുക്കാരെയും വച്ച് സർവീസ് നടത്തുന്നതായും ആക്ഷേപമുണ്ട്. 75 ലധികം ബസുകളിലെ 150 ഓളം വരുന്ന തൊഴിലാളികളാണ് സമരരംഗത്തുള്ളത്.

ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ഇന്നേവരെ മുതലാളിമാരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള സഹായവും ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.

കൊവിഡ് കാലത്ത് സർക്കാർ അനുവദിച്ച 5000 രൂപ മുഴുവൻ തൊഴിലാളികൾക്കും നൽകുക, തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അർഹമായ അവകാശങ്ങൾ നൽകി പിരിച്ചുവിടുക, മുതലാളിമാരുടെ ബന്ധുക്കളെ ഒഴിവാക്കി മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗമാക്കി തൊഴിലാളി വിഹിതം അടയ്ക്കുക, തൊഴിലാളികൾക്ക് നിലവിലെ ശമ്പളം നിലനിർത്തുക എന്നീ ആവശ്യങ്ങളാണ് തൊഴിലാളികൾ മുന്നോട്ടുവച്ചിട്ടുള്ളത്. മൂവാ​റ്റുപുഴ, കോലഞ്ചേരി, പെരുമ്പാവൂർ, ആലുവ, എറണാകുളം, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാത്തത് കിഴക്കമ്പലം മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടെ നിരവധി യാത്രക്കാരാണ് ഗതാഗത സൗകര്യമില്ലാതെ ഇവിടെ പെട്ടുപോകുന്നത്.