വൈപ്പിൻ : ഞാറക്കൽ പഞ്ചായത്ത് എട്ടാം വാർഡിൽ മഞ്ഞനക്കാട് ജെട്ടിക്ക് വടക്കുഭാഗത്ത് കൊരക്കുപാടം പൊക്കാളി പാടശേഖരത്തിലെ പട്ടികജാതി കർഷക സമാജത്തിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിന്റെ ചിറപൊട്ടി വെള്ളം കയറി. 9.5ഏക്കർ നിലത്തിന്റെ ചിറയാണ് പൊട്ടിയത്. പാടശേഖരത്തിലെ മറ്റൊരു പാടത്തേക്ക് നിറയെ വെള്ളം കയറ്റിയതിനാലാണ് തങ്ങളുടെ പൊക്കാളി പാടശേഖരത്തിന്റെ ചിറ പൊട്ടിപ്പോയതെന്ന് പട്ടികജാതി കർഷകസമാജം പരാതിപ്പെടുന്നു. രണ്ടരലക്ഷം രൂപ ചെലവ് ചെയ്താണ് പൊക്കാളിക്കായി നിലമൊരുക്കിയത്. തങ്ങളുടെ ചിറപൊട്ടിയതിന് കാരണക്കാരായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സമാജം സെക്രട്ടറി എം.വി. ചന്ദ്രൻ ആവശ്യപ്പെട്ടു.