കൊച്ചി: സീനിയർ അഡ്വ. ധർമ്മദൻ, മകൾ അഡ്വ.ഡി.പി രേണു, രേണുവിന്റെ മകൾ അഡ്വ. വി.ആർ ലക്ഷ്മി. ഒരേ കുടുംബത്തിലെ മൂന്ന് തലമുറ വക്കീലന്മാർ ഒരേ കാലഘട്ടത്തിൽ നീതിക്കായി വാദിക്കുന്നുവെന്ന ചരിത്രമാണ് ഹൈക്കോടതിയിൽ ഇവർ സൃഷ്ടിച്ചത്.
ഇതിൽ ഇളമുറക്കാരി ലക്ഷ്മിയ്ക്ക് നാളെ (ഞായർ ) മാംഗല്യമാണ്. മുത്തച്ഛന്റെയും അമ്മയുടെയും വഴിയേ വക്കീലായി ലക്ഷ്മി പ്രാക്ടീസ് തുടങ്ങിയിട്ട് രണ്ട് വർഷമായിട്ടേയുള്ളൂ. മുത്തച്ഛൻ ധർമ്മദൻ കൂട്ടുകാരൻ എ.വി.ജെ നായരോടൊപ്പം ചേർന്ന് തുടക്കമിട്ട ധർമ്മദൻ ആൻഡ് നായർ അസോസിയേറ്റ്സിലാണ് മൂന്നുപേരും ജോലി ചെയ്യുന്നത്. സുഹൃത്ത് വിട പറഞ്ഞെങ്കിലും കമ്പനിയുടെ പേര് മാറ്റേണ്ടെന്ന തീരുമാനത്തിലായിരുന്നു അഡ്വ. ധർമ്മദൻ. 1959ൽ വക്കീൽ ബിരുദം നേടി 1962ലാണ് ധർമ്മദൻ ഹൈക്കോടതിയിൽ വാദിക്കാനായി എത്തുന്നത്. പിന്നീട് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം എറണാകുളം ലാ കോളേജിൽ പാർട്ട് ടൈം അദ്ധ്യാപകനുമായി. 11 വർഷം ഗവൺമെന്റ് പ്ളീഡറായിരുന്നു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നാലു വർഷം ജുഡീഷ്യൽ മെമ്പറുമായിരുന്നു.
അച്ഛന്റെ ജോലി കണ്ട് ഇഷ്ടം തോന്നി വക്കീലായ രേണു ഈ രംഗത്തെത്തിയിട്ട് ഇക്കൊല്ലം 30 വർഷം തികയ്ക്കുകയാണെന്ന പ്രത്യേകത കൂടിയുണ്ട്. കീഴ്കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു അന്ന് അവിടുത്തെ മുൻസിഫ് ആയിരുന്ന വേണു കരുണാകരനുമായുള്ള വിവാഹം. വിവാഹശേഷമാണ് അച്ഛനൊപ്പം ഹൈക്കോടതിയിൽ എത്തുന്നത്. ഭർത്താവ് വേണു ഹൈക്കോടതിയിൽ വിജിലൻസ് രജിസ്ട്രാർ ആയി വിരമിച്ചു. നിലവിൽ ലോക് അദാലത്ത് ചെയർമാൻ പെർമനന്റ് ആണ്. രേണു 5 വർഷം സീനിയർ ഗവ. പ്ലീഡറായിരുന്നു. ലോകായുക്തിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ, വിമൻ ലായേഴ്സ് ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. ലക്ഷ്മി പൂനെയിൽ നിന്ന് എൽ.എൽ.ബിയും കുസാറ്റിൽ നിന്ന് എൽ.എൽ.എം അഞ്ചാംറാങ്കും കരസ്ഥമാക്കിയാണ് വക്കീലായത്. ലക്ഷ്മിയുടെ അനുജത്തി വി.ആർ ഗൗരി വടുതല ചിന്മയ വിദ്യാലയത്തിൽ ഏഴാംക്ളാസ് വിദ്യാർത്ഥിനിയാണ്.