പള്ളുരുത്തി: ഓൺലൈൻ ക്ലാസുകൾക്ക് പ്രിയമേറുകയാണ്. ടിവിയുണ്ടെങ്കിലും കാര്യമില്ല. ഹോം വർക്കുകളെല്ലാം കൈമാറാൻ സ്മാർട്ട് ഫോൺ കൂടിയേ തീരൂ. കൊവിഡ് കാലത്ത് മക്കളെ സ്മാർട്ടാക്കാൻ രക്ഷിതാക്കൾ ഓടുകയാണ്. ഇലക്ട്രോണിക് ഷോപ്പുകളിൽ നിന്നും അടുത്ത കടകളിലേക്ക്. പക്ഷേ ഇടത്തരം സ്മാർട്ട് ഫോണൊന്നും കിട്ടാനില്ല. ലഭിക്കുന്നതാകട്ടെ കേട്ടുകേൾവി പോലുമില്ലാത്ത ബ്രാൻഡും !
7000 മുതൽ 12000 വരെയാണ് സാധാരണക്കാരുടെ സ്മാർട്ട് ഫോൺ ബഡ്ജറ്റ്. വിപണയിലുള്ള ഭേദപ്പെട്ട ഫോണുകൾക്കാകട്ടെ 20000 രൂപയ്ക്കും മുകളിലും. ഇതിനാൽ ഊരും പേരും അറിയാത്ത ഫോണുകൾ വാങ്ങി മടങ്ങേണ്ട അവസ്ഥയിലാണ് രക്ഷിതാക്കൾ. ഇത്തരം ഫോണുകൾക്കും വില കൂട്ടിയാണ് വില്പനയെന്ന് ആരോപണമുണ്ട്. ചുരുങ്ങിയത് 15000 രൂപ മുടക്കിയാൽ മാത്രമേ കൊച്ചി നഗരത്തിൽ നിന്നും ഇത്തരത്തിൽ ഒരു സ്മാർട്ട് ഫോൺ സംഘടിപ്പിക്കാൻ കഴിയൂ.
ലോക്ക് ഡൗണിന് മുമ്പ് ഫോണുകളും ടാബുകളും സ്റ്റോക്ക് ചെയ്ത കച്ചവടക്കാർ ലാഭം കൊയ്യുകയാണ്. ചില സാംസ്ക്കാരിക സംഘടനകൾ ഇടപെട്ട് കൊച്ചിയിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഫോണും ടി വി യും കൈമാറിയിരുന്നു. അതേസമയം സുമനസുകളുടെ അകമഴിഞ്ഞുള്ള സഹായം നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ സ്മാർട്ട് ഫോൺ വാങ്ങാൻ എത്തിയത്. ന്യായമായ നിരക്കിൽ ഫോൺ അന്വേഷിച്ച് പല കടകളും കയറിയിറങ്ങി. ബ്രാൻഡ് ഫോണുകളുണ്ട്. എന്നാൽ അല്ലാത്തിനും നല്ലവില. ഒടുവിൽ 12000 മുടക്കി കേട്ടുകേൾവിയില്ലാത്ത ഫോൺ വാങ്ങി മടങ്ങേണ്ടിവന്നു
കൊവിഡ് വ്യാപനവും പിന്നാലെ വന്ന ലോക്ക് ഡൗണും മൂലം പല കമ്പനികളും ഫോണുകളുടെ ഉത്പാദനം നിർത്തി. ഇതാണ് വിപണയിൽ ഫോൺ ക്ഷാമത്തിന് കാരണമായത്.
ഷിബു
ഇലക്ട്രേണിക്ക് കടയുടമ
പള്ളുരുത്തി