ഫോർട്ടുകൊച്ചി: ലോക്ക് ഡൗൺ കാലത്ത് അശരണർക്കും വൃദ്ധർക്കും ഭക്ഷ്യധാന്യ കിറ്റ് നൽകി മാതൃകയായ ഫ്രഞ്ച് വനിത സ്റ്റെഫിനി വീണ്ടും താരമാകുന്നു. ഓൺലൈൻ പഠനം മുടങ്ങിയ ആറ് നിർധനരായ വിദ്യാർത്ഥികൾക്ക് ഇവർ ടി.വി നൽകി. ഇവരുടെ നാട്ടിലെ ഗബ്രിയേൽ എന്ന സംഘടന വഴിയാണ് സഹായം ഒരുങ്ങിയത്. മാർച്ച് ആദ്യവാരം കൊച്ചിയിൽ എത്തിയ ഈ വനിത ലോക്ക് ഡൗൺ മൂലം ഇവിടെ കുടുങ്ങിയതാണ്. ഇതിനിടയിലാണ് കാരുണ്യ പ്രവർത്തനവുമായി ഇവർ രംഗത്തിറങ്ങിയത്. പട്ടാളം ഭാഗത്തെ ഹോം സ്റ്റേയിലാണ് വനിതയുടെ താമസം.