കൊച്ചി : കോന്തുരുത്തി പുഴയോരത്തെ കൈയേറ്റങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർണമായും ഒഴിപ്പിച്ച് പുഴയിലെ നീരൊഴുക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൈയേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ ഇവരെ പുന:രധിവസിപ്പിക്കണമെന്നും ഇതിനുള്ള സ്ഥലം കണ്ടെത്താനായി റവന്യു സെക്രട്ടറി മൂന്നു മാസത്തിനകം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധിയിൽ പറയുന്നു. കോന്തുരുത്തി സ്വദേശി കെ.ജെ. ടോമിയുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഹൈക്കോടതി പറഞ്ഞത്

 നീരൊഴുക്ക് സുഗമമാക്കാൻ ബണ്ട് മാറ്റി പാലം നിർമ്മിക്കണം.

 ചെളിയും മാലിന്യവും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണം.

 പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

 സമീപത്തുനിന്ന് മലിനജലം ഒഴുകിയെത്തുന്നില്ലെന്ന് ഉറപ്പാക്കണം.

 കൈയേറി നിർമ്മിച്ച കെട്ടികൾക്ക് നമ്പരിട്ടു നൽകരുത്.

 നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ കൈയേറ്റം ഒഴിപ്പിക്കണം.

 പരാതി ലഭിച്ചിട്ടും കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയെടുത്തില്ല.

 എളംകുളം വില്ലേജ് ഒാഫീസറുടെ റിപ്പോർട്ടനുസരിച്ച് 167 പേർ സ്ഥലം കൈയേറി.

 പുഴ പുറമ്പോക്ക് പതിച്ചുനൽകാൻ സർക്കാരിന് അധികാരമില്ല.

 കൈയേറ്റം ഒഴിപ്പിക്കേണ്ടത് നഗരസഭയാണ്.

 96 വീടുകളുണ്ടെന്ന പേരിലാണ് ഒഴിപ്പിക്കൽ നീണ്ടുപോയത്.

 വീടുകളുടെ പേരിൽ കൈയേറ്റം സാധൂകരിക്കാനാവില്ല.

നഗരസഭ പറഞ്ഞത്

 പുനരധിവാസം നഗരസഭയ്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല.

 16 മീറ്റർ വീതിയിൽ പുന:സ്ഥാപിച്ചാൽ ഒഴിപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കാം

 പുഴയുടെ കുറുകേയുള്ള റോഡ് പൊളിച്ചുമാറ്റി പാലം നിർമ്മിക്കാം.

 പുനരധിവാസത്തിന് സർക്കാരിന്റെ സഹായം ആവശ്യമാണ്.

 ബ്രേക്ക് ത്രൂ പദ്ധതിയിലുൾപ്പെടുത്തി പുഴ പുന:സ്ഥാപിക്കാം.

സർക്കാർ അറിയിച്ചത്

 പുഴ സംരക്ഷണം ഇറിഗേഷൻ വകുപ്പിന്റെ ചുമതലയാണ്.

 രണ്ടു കിലോമീറ്റർ ദൂരത്തിൽ പുഴ മാർക്ക് ചെയ്തിട്ടുണ്ട്.

 29 മീറ്റർ വീതിയിൽ പുഴ പുന:സ്ഥാപിക്കാനാവും.

 കോന്തുരുത്തിപ്പുഴ

തേവര കനാലിനെ നെട്ടൂർ കായലുമായി ബന്ധിപ്പിക്കുന്ന അഞ്ചുകിലോമീറ്ററോളം നീളമുള്ള പുഴയാണിത്. 48 മീറ്റർ വീതിയുണ്ടായിരുന്നെന്ന് സർവേ രേഖകളിൽ പറയുന്നുണ്ടെങ്കിലും ഇപ്പോൾ മൂന്നു മീറ്ററാണുള്ളത്.