kvves
മാഞ്ഞാലി തോട്ടിലെ മാലിന്യം ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റ് നടത്തിയ പ്രതിഷേധം പ്രസിഡന്റ് എം.വി. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: മാഞ്ഞാലി തോട്ടിൽ ചൂണ്ടാൻ തിരുത്ത് പാലത്തിനടിയിൽ പായലും ചണ്ടിയും അടിഞ്ഞ് കൂടി നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നതിനാൽ കുറുമശ്ശേരി, മധുരപ്പുറം, മള്ളുശ്ശേരി, കോടശ്ശേരി തുടങ്ങിയ പ്രദേശവാസികൾ പ്രളയഭീതിയിൽ. പലവട്ടം നാട്ടുകാർ ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.കഴിഞ്ഞവർഷം സമാനമായി പായലും ചണ്ടിയും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളംകയറി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. ജനങ്ങൾ സകലതും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു. ദുരിതാശ്വാസ ക്യാമ്പിലെത്തിയ ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞതിനെ തുടർന്ന് തോട് നവീകരണത്തിന് ഇറിഗേഷൻ വകുപ്പ് 60 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും വെറുതെയായി. ഫ്‌ലോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് ചില സ്ഥലങ്ങളിലെ പുൽത്തട്ടുകൾ ഇരുവശങ്ങളിലേക്കും മാറ്റുക മാത്രമാണ് ചെയ്തത്. മഴയെത്തും മുമ്പ് പായൽ തട്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ ചൂണ്ടാൻ തുരുത്ത് പാലം തന്നെ അപകടത്തിലാവുന്ന അവസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.


#പ്രതിഷേധവുമായി വ്യാപാരികൾ

മാഞ്ഞാലി തോട്ടിലെ മാലിന്യം ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റ് പ്രതിഷേധ സമരം നടത്തി. പ്രസിഡന്റ് എം.വി. മനോഹരൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം രമേശ് കുറുമശ്ശേരി, യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ജി. ശശിധരൻ, ട്രഷറർ കെ.വി. ജയരാജൻ, ജില്ലാ കമ്മിറ്റി അംഗം പി.വി. സാജു, ടി.പി. ആന്റണി, കെ.എസ്. രാജേന്ദ്രൻ, ഷബാന രാജേഷ്, സീതാ സുധാകരൻ, മേരി കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു.