alan-suhaib

കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ മാപ്പുസാക്ഷിയാകാൻ തനിക്ക് സമ്മർദ്ദമുണ്ടെന്ന് കേസിൽ പ്രതിയായ അലൻ കോടതിയിൽ പറഞ്ഞു. എന്നാൽ, മാപ്പുസാക്ഷിയാകാൻ നിർബന്ധിച്ചിട്ടില്ലെന്നും അലൻ സ്വമേധയാ അപേക്ഷ നൽകിയാലേ പരിഗണിക്കാനാവൂ എന്നും എൻ.ഐ.എ വിശദീകരിച്ചു.

കാക്കനാട് ജില്ലാജയിലിൽ നിന്ന് വിയ്യൂരിലേക്ക് തങ്ങളെ മാറ്റണമെന്ന് അലനും താഹയും എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇതു കോടതി പരിഗണിക്കുമ്പോഴാണ് മാപ്പു സാക്ഷിയാകാൻ സമ്മർദ്ദമുണ്ടെന്നും,തനിക്ക് താല്പര്യമില്ലെന്നും അലൻ ബോധിപ്പിച്ചത്. എൻ.ഐ.എയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമില്ലെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചു. കാക്കനാട് ജില്ലാജയിലിൽ മോശം പെരുമാറ്റമാണെന്നും ഇതു മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജയിൽ മാറ്റത്തിന് അപേക്ഷ നൽകിയത്. തുടർന്ന് ഇവരെ വിയ്യൂരിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം കോടതി അനുമതി നൽകിയിരുന്നു.