കൊച്ചി : നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ തദ്ദേശ വിമാന വാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് കമ്പ്യൂട്ടർ ഭാഗങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ എറണാകുളം എൻ.ഐ.എ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊവിഡ് പരിശോധനാ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ എൻ.ഐ.എ അപേക്ഷ നൽകും. ബീഹാർ മംഗൂർ സ്വദേശി സുമിത് കുമാർ സിംഗ് (23), രാജസ്ഥാൻ ഹനുമന്ത് നഗർ സ്വദേശി ദയാറാം (22) എന്നിവരെയാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് കൊച്ചിയിലെത്തിച്ച് ഇന്നലെ വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് കോടതിയിൽ ഹാജരാക്കിയത്. വിക്രാന്തിലെ പെയിന്റിംഗ് ജോലികൾ കരാറെടുത്തിരുന്ന സ്വകാര്യ കരാറുകാരന്റെ തൊഴിലാളികളാണിവർ. ജോലയിൽ നിന്ന് ഒഴിവാക്കിയതിന്റെ വൈരാഗ്യത്തിൽ കപ്പലിനുള്ളിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും മറ്റു യന്ത്രഭാഗങ്ങളും മോഷ്ടിച്ചെന്നാണ് പ്രതികളുടെ മൊഴി. 2019 സെപ്തംബർ ഒന്നിനാണ് മോഷണം നടന്നത്. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീടാണ് എൻ.ഐ.എയ്ക്ക് വിട്ടത്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.