കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടർ വിസ്താരം പ്രതിഭാഗം അഭിഭാഷകന്റെ അനാരോഗ്യത്തെ തുടർന്നു വീണ്ടും മാറ്റി. ലോക്ഡൗണിനു ശേഷം 15നു തുടങ്ങാനിരുന്ന വിസ്താരം ഈ മാസം 22ലേക്കാണു മാറ്റിയത്. പ്രതി നടൻ ദിലീപിന്റെ അഭിഭാഷകൻ ചികിത്സയിലായതിനെ തുടർന്നു വിസ്താരം നീട്ടിവയ്ക്കാൻ അപേക്ഷ നൽകുകയായിരുന്നു. അതിക്രമത്തിന് ഇരയായ നടിയുടെ ക്രോസ് വിസ്താരമാണു 22 നടക്കാനുള്ളത്. കേസിൽ 43 സാക്ഷികളുടെ വിസ്താരം പൂർത്തിയായ ഘട്ടത്തിലാണു ലോക്ഡൗൺ പ്രഖ്യാപിച്ചത്.