ആലുവ: കാലവർഷം തർത്തുപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ തീരദേശവാസികൾ കടുത്ത ആശങ്കയിലാണ്. പ്രളയം വീണ്ടും വില്ലനാകുമോ എന്നാതാണ് ഇവരുടെ ഉള്ളൂലയ്ക്കുന്നത്. മുൻകരുതലെന്ന് നിലയ്ക്ക് പലരും ഉയർന്ന പ്രദേശത്തെ വാടക വീടുകൾ തേടിതുടങ്ങി.
2018ൽ പെരിയാർ തീരമാകെ മഹാപ്രളയം മുക്കി. തൊട്ടടുത്ത വർഷവും തീരദേശവാസികൾ പ്രളയത്തിന്റെ ദുരിതമനുഭവിച്ചു. ചില ഉയർന്ന പ്രദേശങ്ങളാണ് ആശ്വാസ കേന്ദ്രമായത്.
പ്രളയം ബാധിച്ചവർക്ക് സർക്കാരിൽ നിന്നും ആനുകൂല്യം ലഭിച്ചെങ്കിലും നഷ്ടത്തിന്റെ നാലിലൊന്ന് പോലും ലഭിച്ചില്ലെന്നാണ് ഇപ്പോഴും ആക്ഷേപം. മൂന്നോ നാലോ മാസത്തെ വാടക നഷ്ടമായാലും പ്രളയം വിതയ്ക്കുന്നം നാശത്തിന്റെ നേരിയ ഒരു ഭാഗം മാത്രമേ ആകുകയുള്ളൂ എന്ന കണക്ക് കൂട്ടലിലാണ് പലരും വാടക വീട് തേടുന്നത്.
കഴിഞ്ഞവർഷം ചെറുമഴ പെയ്തപ്പോഴേക്കും പെരിയാറടക്കം നിറഞ്ഞു. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണലും ചെളിയുമാണ് ഇതിന് കാരണം. ഇക്കുറി സർക്കാരും ജില്ലാ ഭരണകൂടവുമെല്ലാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ നന്ദികളിലെ നീരൊഴുക്ക് സുഗമാക്കാനുള്ള ജോലികളൊന്നും നടന്നിട്ടില്ല. പ്രതിഷേധത്തെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകാമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചെങ്കിലും ഭാരിച്ച പണിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന നിലപാടാണ് പല പഞ്ചായത്ത് സെക്രട്ടറിമാരും സ്വീകരിച്ചത്.
പ്രളയം മുക്കിയ സ്ഥലങ്ങൾ
ആലുവ, കടുങ്ങല്ലൂർ, ചൂർണിക്കര, കീഴ്മാട്, ശ്രീമൂലനഗരം, ചെങ്ങമനാട്, കാഞ്ഞൂർ,കടുങ്ങല്ലൂർ, പറവൂരിലെ തീരദേശങ്ങൾ.
വേണം വാടകവീടുകൾ
പ്രളയത്തിൽ ശ്രീമൂലനഗരം പഞ്ചായത്ത് ഒന്നാം വാർഡ് പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. അതിനാലാണ് ഇത്തവണ മുൻകൂറായി വാടകവീടുകൾ തേടുന്നത്. ഭാഗ്യപരീക്ഷണത്തിന് ആളുകൾ തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ട് പ്രളയത്തിൽ പുഴ നികന്നിട്ടും മണലും ചെളിയും നീക്കിയിട്ടില്ല. 2018ൽ ചൊവ്വര റെയിൽവേ സ്റ്റേഷനും ചൊവ്വര പള്ളിയുമാണ് ആശ്രയമായത്. ഗർഭിണി ഉൾപ്പെടെയുള്ളവരെ ഹെലികോപ്റ്ററിലാണ് രക്ഷപ്പെടുത്തിയത്.
പുരുഷോത്തമൻ കർത്ത
പ്രസിഡന്റ്,
ചൊവ്വര ടോപ്പ് റെസിഡന്റ്സ് അസോസിയേഷൻ