കൊച്ചി: കൊവിഡ് ഭീതി തുടരുന്നതിനിടെ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിൽ മലയാളികൾ മുംബയിലേക്ക് മടങ്ങിത്തുടങ്ങി. മഹാമാരിക്കെതിരെയുള്ള മുന്നണി പോരാളികളായ മലയാളി നഴ്സുമാരും തിരികെ വിളിക്കപ്പെട്ടവരിലുണ്ട്. ലോക്ക് ഡൗണിന് മുമ്പ് നാട്ടിലെത്തിയ ആശുപത്രി ജീവനക്കാരാണ് കൂടുതലും മടങ്ങുന്നത്.കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് മുംബയിലെ സ്വകാര്യ ആശുപത്രികൾ മലയാളികളുടെ സേവനം തേടിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എറണാകുളം സൗത്തിൽ നിന്നു പുറപ്പെട്ട നിസാമുദ്ദിൻ മംഗള എക്സ്‌പ്രസിൽ എട്ട് പേരാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ഇവരിൽ രണ്ടു പേർ കോതമംഗലം സ്വദേശികളാണ്. മറ്റുള്ളവർ ആലപ്പുഴ ജില്ലക്കാരും. സുഹൃത്തുക്കൾ കൂടെയുള്ളതിനാൽ മക്കളുടെ സുരക്ഷയെ കുറിച്ചോർത്ത് ടെൻഷനില്ലെന്ന് അവരെ യാത്ര അയയ്ക്കാനെത്തിയ രക്ഷിതാക്കൾ പറഞ്ഞു.
താനയിലെ സെന്റ് ജൂഡ് ആശുപത്രിയിലാണ് എട്ടു പേരും ജോലി ചെയ്യുന്നത്. ചിക്കൻപോക്സ് പിടിപെട്ടതിനെ തുടർന്ന് മാർച്ച് ആദ്യവാരത്തിൽ നാട്ടിലേക്ക് വന്നവർ ഇവിടെ കുരുങ്ങി. തിരിച്ചു ചെല്ലണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മുതൽ ആശുപത്രി അധികൃതർ വിളിതുടങ്ങി.
" കൊവിഡിനെ ഭയന്ന് എത്രകാലം ജീവിക്കും. ലോണെടുത്താണ് പഠിച്ചത്. ആ ബാദ്ധ്യതകൾ തീർക്കണം. വീട്ടിലെ സ്ഥിതിയും മോശമാണ്. ജോലിയില്ലാതെ മുന്നോട്ടു പോകാൻ വയ്യ. ഞങ്ങളെ കൊണ്ടുപോകുന്നതിനായി സ്റ്റേഷനിലേക്ക് വാഹനം അയയ്ക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. താമസസൗകര്യമുണ്ട്. ശമ്പളത്തിൽ മാറ്റമൊന്നുമില്ല." യുവതികൾ പറഞ്ഞു.
നഴ്സുമാർ മാത്രമല്ല തൊഴിൽ നഷ്‌ടപ്പെടുമെന്ന ഭീതി മൂലം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കൊവിഡ് വ്യാപനത്തെ കണക്കിലെടുക്കാതെ ജോലി സ്ഥലത്തേക്ക് മടങ്ങിത്തുടങ്ങി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരുമുണ്ട്.
സൗത്ത് സ്റ്റേഷൻ കനത്ത സുരക്ഷയിൽ
കൊവിഡ് വന്നതോടെ എറണാകുളം സൗത്ത് സ്റ്റേഷന്റെ പ്രവർത്തനരീതി ആകെ മാറി. സ്റ്റേഷനിലെങ്ങും പൊലീസ്. യാത്രക്കാരെ വിവിധ സ്ഥലങ്ങളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ റെഡിയായി പുറത്തുണ്ട്. കൊവിഡ് ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാൻ മൂന്ന് ആംബുലൻസുകളും. ഒന്നാമത്തെ പ്ളാറ്റ്‌ഫോമിൽ നിന്ന് ട്രെയിനുകൾ നീങ്ങിയാലുടൻ അഗ്നിശമനസേന അണുനശീകരണം നടത്തും.യാത്രക്കാർ വരുന്നതും പോകുന്നതും വെവ്വേറെ കവാടങ്ങളിലൂടെയാണ്. എറണാകുളം വരെയുള്ള ട്രെയിനിൽ വന്നിറങ്ങുന്ന തിരുവനന്തപുരം സ്വദേശികൾക്ക് തുടർയാത്രക്കായി വേണാട് എക്സ്‌പ്രസിൽ രണ്ട് സ്പെഷ്യൽ കോച്ചുകൾ സജ്ജീകരിച്ചിട്ടുണ്ട്.
# കൊവിഡ് ഓട്ടോകളും
കൊവിഡ് ഭീതി മൂലം അധികം ഓട്ടോറിക്ഷകളും സൗത്ത് സ്റ്റേഷൻ ഒഴിവാക്കുകയാണ്. വാഹനങ്ങൾ കൊവിഡ് സ്പെഷ്യലായാണ് സർവീസ് നടത്തുന്നത്.