കൊച്ചി: സ്വകാര്യബസുകൾ കൂട്ടത്തോടെ നിരത്തൊഴിയുകയും കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് അവസാനിപ്പിക്കുകയും ചെയ്തതോടെ കുമ്പളങ്ങി നിവാസികൾ ദുരിതത്തിൽ. സ്വകാര്യബസുകൾ നിറുത്തിയതോടെ കെ.എസ്.ആർ.ടി.സി. ബസുകൾ കൂടുതൽ ഗ്രാമീണ മേഖലകളിേേലക്ക് സർവീസ് ആരംഭിച്ചെങ്കിലും കുമ്പളങ്ങിയെ അവഗണിച്ച മട്ടാണ്. കുമ്പളങ്ങിയിലേക്ക് എറണാകുളം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന നാലു ബസുകളും നിർത്തി. സർവീസ് പുനരാരംഭിക്കാൻ നിരവധി തവണ ആവശ്യമുയർന്നെങ്കിലും അധികൃതർ കേട്ടമട്ടില്ല.
ഓർഡിനറി, തിരുക്കൊച്ചി ബസുകൾ സർവീസ് നടത്തിയിരുന്ന സമയത്ത് കുമ്പളങ്ങി- ചെറായി, കാക്കനാട്- കുമ്പളങ്ങി, കുമ്പളങ്ങി- എഴുപുന്ന പാലം വഴിയും ബസുകൾ സർവീസ് നടത്തിയിരുന്നു. പിന്നീട് സർവീസുകൾ പലതും നിറുത്തലാക്കി ബസുകൾ പറവൂർ മേഖലയിലേക്ക് പുനക്രമീകരിച്ചു. തോപ്പുംപടി -ചേർത്തല റൂട്ടിൽ കുമ്പളങ്ങി വഴിയുണ്ടായിരുന്ന സർവീസുകളും നിലച്ചു.

ഒത്തുകളിയെന്ന്
സ്വകാര്യ ബസുകൾക്ക് അമിതലാഭമുണ്ടാക്കുന്ന വിധത്തിൽ നടത്തുന്ന ഇത്തരം നടപടികളെന്ന് ആക്ഷേപം രൂക്ഷമാവുന്നുണ്ട്. കഴിഞ്ഞ വർഷം ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് എഴുപുന്ന-കുമ്പളങ്ങി പാലത്തിലൂടെ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചിരുന്നു. കെ.എസ്.ആർ.ടി.സി. അധികൃതരുടെ നടപടികൾക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.


ചെലവ് ഇരട്ടിയായി

കുമ്പളങ്ങി ദ്വീപ് നിവാസികൾ നഗരത്തിലേക്ക് എത്താൻ പ്രധാനമായും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. കൊച്ചി നഗരത്തിലേക്ക് ബസുകൾ സർവീസ് നടത്തുന്നില്ല. അര മണിക്കൂർ ഇടവിട്ട് ബസുണ്ടായിരുന്ന മേഖലയിൽ ഇപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. പല ബസുകളും തോപ്പുംപടി വരെ മാത്രമാണ് സർവീസ് നടത്തുന്നത്. ഇതോടെ എറണാകുളത്ത് ജോലിക്കായി എത്തേണ്ടവർ തോപ്പുംപടിയിൽ നിന്ന് 12 രൂപ മുടക്കി വേണം നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് എത്തുവാൻ സാധിക്കൂ. സാമൂഹ്യ അകലം പാലിച്ച് സർവീസ് നടത്തണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ബസുകളുടെ അഭാവം രാവിലെയും വൈകിട്ടും ബസുകളിൽ നിന്നു തിരിയാൻ ഇടമില്ല.

യാത്രക്കാർ ദിവസവേതനക്കാർ

കുമ്പളങ്ങിയിൽ നിന്ന് നഗരത്തിലേക്ക് എത്തുന്നത് പ്രധാനമായും ദിവസവേതനക്കാരായ സാധാരണക്കാരായ ജനങ്ങളാണ്. ഇവർക്ക് രണ്ടു ബസുകളിൽ യാത്രചെയ്ത് ജോലിക്ക് പോവുകയും തിരിച്ചെത്തുകയും സാധിക്കില്ല. കൃത്യമായി ബസുകൾ സർവീസ് നടത്തിയില്ലെങ്കിൽ ഇവർക്ക് യാത്രപൈസ അധിക ബാദ്ധ്യതയാവും.

ജോണി

കുമ്പളങ്ങി സ്വദേശി