കൊച്ചി: പൊക്കാളിക്കൃഷിക്ക് തടസമുള്ള വർഷക്കാലകെട്ടുകൾ ഉടൻ അവസാനിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ടി.എൻ സോമൻ ആവശ്യപ്പെട്ടു. ആറു മാസം നെൽകൃഷിയും ആറുമാസം മത്സ്യകൃഷിയും നടത്തുന്ന ഒരു നെല്ലും ഒരു മീനും എന്ന സർക്കാർ പ്രഖ്യാപിത പരിപാടിക്ക് തടസമാകുന്ന തരത്തിൽ വരാപ്പുഴ, കോട്ടുവള്ളി , ഏഴിക്കര ഉൾപ്പെടെ ജില്ലയിലെ പല പഞ്ചായത്തുകളിലും കാലാവധി അവസാനിച്ചിട്ടും അനധികൃത വർഷക്കാലക്കെട്ട് തുടർന്നുവരികയാണ്. ഇതുമൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൃഷിക്ക് തടസം വരുകയാണ്. ലൈസൻസും അംഗീകാരവും ഇല്ലാതെയാണ് ഇത്തരത്തിൽ അനധികൃത വർഷക്കാലക്കെട്ട് നടന്നു വരുന്നത്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ല. പൊക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.