വൈപ്പിൻ: അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള മടങ്ങി വരവിന് പ്രത്യേക പാസ് തന്നെ ഏർപ്പെടുത്തിയിരിക്കെ സർക്കാർ ഉത്തരവ് ലംഘിച്ച് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ മുനമ്പത്ത്. അഞ്ച് പേർക്ക് കയറാനാകുന്ന ഫൈബർ ബോട്ടുകളിലാണ് ഇവരെത്തുന്നത്. തമിഴ്നാട്ടുകാർക്കൊപ്പം ഇതര ജില്ലക്കാരും ഇങ്ങനെ എത്തുന്നുണ്ട്. മുനമ്പം കാളമുക്ക് എന്നീ ഹാർബറുകളിലേക്കാണ് ഇവരുടെ ഒഴുക്ക്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിട്ടും ലോക്കൽ പൊലീസോ ആരോഗ്യവകുപ്പോ ചെറുവിരൽപോലും അനക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരുവനന്തപുരം, കുളച്ചൽ മേഖലയിൽ നിന്ന് നിരവധി വള്ളങ്ങൾ വരും ദിവസങ്ങളിൽ ഹാർബറുകളിൽ അടുക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം മുനമ്പം ഹാർബറിൽ ഏഴോളം വള്ളങ്ങൾ യൂണിയൻ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു. കണ്ടെയ്ൻമന്റ് സോണായ പൊഴിയൂർ മേഖലയിലുള്ളവർ വള്ളത്തിൽ ഉണ്ടായിരുന്നതായിരുന്നു കാരണം. എന്നാൽ സംസ്ഥാനത്തെ വിവിധ ജില്ലയിലുള്ളവർക്ക് ലോക്ക് ഡൗൺ ചട്ടമനുസരിച്ച് ക്വാറന്റൈൻ വേണ്ടെന്ന നിലപാട് വള്ളത്തിലുണ്ടായിരുന്നവരും സ്വീകരിച്ചു. തർക്കത്തെ തുടർന്ന് മത്സ്യമേഖലയിലുള്ളവർ അടിയന്തിര യോഗം ചേർന്ന് തത്ക്കാലം മത്സ്യവില്പന അനുവദിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ മുനമ്പം ഹാർബറിൽ രജിസ്റ്റർ ചെയ്ത വള്ളങ്ങൾക്ക് മാത്രമേ നിന്ന് ഇ ഇവിടെ നിന്നും കടലിൽ പോകാനും തിരികെ എത്താനും അനുമതിയുള്ളൂ.

രജിസ്റ്റർ ചെയ്യുമ്പോൾ വള്ളത്തിന്റെ നമ്പർ, ഉടമയുടെ പേര്, ഫോൺനമ്പർ, തൊഴിലാളികളുടെ പേരും ആധാർകാർഡ് വിവരങ്ങൾ നൽകണം. മാത്രമല്ല കരയിൽ തങ്ങുന്നവർ താമസസ്ഥലത്ത് നിന്നും പുറത്തിറങ്ങാൻ പാടില്ല. ലോക് ഡൗൺ പൂർണ്ണമായും പിൻവലിക്കുന്നത് വരെ വള്ളങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേജില്ലകളിൽ മാത്രം മത്സ്യബന്ധനത്തിനു അനുവാദം നൽകിയാൽ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ ആവശ്യം.ഇക്കാര്യം ഫിഷറീസ് വകുപ്പിന് അറിയിച്ചിട്ടുണ്ട്.


അന്യസംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ മുനമ്പത്ത് എത്തുന്നത് തടയും.

വി.എസ്. സുനിൽകുമാർ

കൃഷി മന്ത്രി (ജില്ലാ ചുമതല)