bank
പീപ്പിൾസ് ബാങ്കിൻ്റെ കംപ്യൂട്ടർ വായ്പാ പദ്ധതി ബാങ്ക്ചെയർമാൻ സി.എൻ സുന്ദരൻ ഉൽഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: കമ്പ്യൂട്ടറും സ്മാർട്ട് ഫോണുമില്ലാത്തതിനാൽ ഓൺലൈൻ പഠനം നടത്തുവാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സഹായഹസ്തവുമായി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടി.വി എന്നിവ വാങ്ങുന്നതിന് 30,000 രൂപ വരെ പലിശ രഹിത വായ്പയായി നൽകുന്ന പദ്ധതിക്ക് തുടക്കമായി. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ലഭിക്കും. 24 മാസം കൊണ്ട് തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. സ്ക്കൂളിൽ നിന്നും പഠനത്തിന് കംപ്യൂട്ടർ ആവശ്യമാണെന്ന സർട്ടിഫിക്കറ്റ് വേണം.അദ്ധ്യാപകർ സാലറി സർട്ടിഫിക്കറ്റും നൽകണം. അപേക്ഷകൻ വിലയുടെ ഇരുപതു ശതമാനം ആദ്യം അടയ്ക്കണം. ജാമ്യ വ്യവസ്ഥകളും ബാധകമാണ്.

ബാങ്ക് ചെയർമാൻ സി.എൻ സുന്ദരൻ എരൂർ ഗുരുകുല വിദ്യാലയത്തിലെ അദ്ധ്യാപിക മഞ്ജുവിന് ആദ്യ തുക നൽകി ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ.ടി സൈഗാൾ അദ്ധ്യക്ഷനായിരുന്നു. ജനറൽ മാനേജർ കെ.ജയപ്രസാദ് സ്വാഗതം പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് നാലു ശതമാനം നിരക്കിൽ പീപ്പിൾസ് ആശ്വാസ് ഗോൾഡ് എന്ന പേരിൽ സ്വർണ പണയ വായ്പയും ബാങ്കിൽ നിന്നും നൽകിയിരുന്നു.