വൈപ്പിൻ: ആന്ധ്രാപ്രദേശിൽ നിന്ന് വില്പ്പനക്കായി എത്തിച്ച പഴകിയ മത്സ്യം മുനമ്പത്ത് പൊലീസ് പിടികൂടി. അമ്പതോളം ബോക്‌സുകളിൽ നിറച്ച് കൊണ്ടുവന്ന വേളൂരി മീനാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാന ലോറി മുനമ്പം ബസ് സ്റ്റാൻഡിന് സമീപം ചരക്ക് ഇറക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇറക്കിവച്ചിരുന്ന മീൻ പരിശോധിച്ചപ്പോൾ മീൻ ചീഞ്ഞ പഴകിയതായി കണ്ടെത്തി. രേഖകൾ പ്രകാരം എട്ട് ദിവസം മുമ്പ് ആന്ധ്രയിൽ നിന്നാണ് ലോറി പുറപ്പെട്ടിട്ടുള്ളത്. ഡ്രൈവറുടെ കൈവശമുണ്ടായിരുന്ന ബില്ല് പ്രകാരം കണ്ണൂരിലാണ് ലോഡ് ഇറക്കേണ്ടത്. ആരോഗ്യവകുപ്പ് ജീവനക്കാർ എത്തി മീൻ പരിശോധിച്ചതിനു ശേഷം നശിപ്പിച്ചു.