കോലഞ്ചേരി: ടാറിംഗ് നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റോഡ് തകർന്നതിൽ പ്രതിഷേധം വ്യാപകമായി. മഴുവന്നൂർ പഞ്ചായത്തിലെ അന്തരിച്ച പഞ്ചായത്തംഗം ജോർജ് കണ്ടനാടന്റെ പേരിട്ട് നിർമാണം പൂർത്തീകരിച്ച പെരിയാർ വാലി കനാൽബണ്ട് റോഡാണ് ടാറിംഗ് നടത്തി ഒരാഴ്ചയ്ക്കുള്ളിൽ തകർന്നത്.ടാറിംഗ് ഇളകി റോഡിൽ കുഴികൾ രൂപപ്പെടുകയും മെ​റ്റൽ ഇളകി കിടക്കുകയുമാണ്. കരാറുകാരനെതിരേയും പഞ്ചായത്ത് ഭരണസമതിക്കെതിരേയും സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രതിഷേധ ധർണ നടത്തി. ഐരാപുരം ലോക്കൽ സെക്രട്ടറി വി.കെ.അജിതൻ ഉദ്ഘാടനം ചെയ്തു. എൻ.ടി സന്തോഷ്, എ.ശശി, എ.പി മണി, വി. ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു.