mla
നവീകരണം നടക്കുന്ന തോട്ടുങ്കൽ പാടശേഖരത്തിൽ എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു

മൂവാറ്റുപുഴ: തോട്ടുങ്കൽപീടിക പാടശേഖരത്തിന്റെ നവീകരണത്തിന് അരങ്ങൊരുങ്ങി. എൽദോ എബ്രഹാം എം.എൽ.എ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന തരിശുരഹിത മൂവാറ്റുപുഴ കാമ്പയിന്റെ ഭാഗമായാണ് പാടശേഖരം നവീകരിക്കുന്നത്. നവീകരണത്തിന് കൃഷിവകുപ്പിൽ നിന്നും രാഷ്ട്രീയ കൃഷിവിജ്ഞാൻ യോജന പദ്ധതി പ്രകാരം 1.99 കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴ നഗരസഭ 15ാം വാർഡിലെ 75 ഏക്കറോളം വരുന്ന തോട്ടുങ്കൽ പാടശേഖരത്തിൽ കൃഷിക്ക് അനുയോജ്യമായ രീതിയിൽ വിവിധ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, വൈസ്‌ചെയർമാൻ പി.കെ. ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഉമാമത്ത് സലീം, രാജി ദിലീപ്, കൗൺസിലർമാരായ സെലിൻ ജോർജ്, പി.പി.നിഷ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് എസ്.എ.നാദിയ, കർഷക പ്രതിനിധികളായ ജോർജ് പുളിയ്ക്കകുടി, എസ്.സത്യപാലൻ എന്നിവരുടെ നേതൃത്വത്തിൽ തോട്ടുങ്കൽ പീടിക പാടശേഖരത്തിൽ സന്ദർശനം നടത്തി.

#പദ്ധതി ഇങ്ങനെ

കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കുന്നതിന് കുളംകെട്ടി സംരക്ഷിക്കുന്നതിനും പാടത്തിന് സമീപത്തുകൂടിയുള്ള തോടിന്റെ ആഴം വർദ്ധിപ്പിച്ച് സംരക്ഷണഭിത്തികെട്ടി സംരക്ഷിക്കലും കൃഷി ആവശ്യത്തിനും മറ്റ് ഉപയോഗങ്ങൾക്കും വാഹനങ്ങൾ ഇറക്കുന്നതിനുള്ള റാമ്പ് കെട്ടൽ അടക്കമുള്ള പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. നിലവിൽ നെൽകൃഷിയും മറ്റ് കൃഷികളും ചെയ്യുന്ന പാടത്ത് തരിശായി കിടക്കുന്ന സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന് പദ്ധതി നടപ്പാക്കുന്നതോടെ സാധിക്കും. ഇടതുകര കനാലിലൂടെ വെള്ളമെത്തുന്നതിനാൽ വേനൽകാലത്തും പാടശേഖരം ജലസമൃദ്ധമാണ്.

#തരിശുഭൂമിയിൽ കൃഷിയിറക്കും
നിയോജക മണ്ഡലത്തിൽ തരിശായിക്കിടക്കുന്ന മുഴുവൻ സ്ഥലങ്ങളിലും കൃഷിയിറക്കുന്ന പദ്ധതിയിൽ നിയോജക മണ്ഡലത്തിൽ കൃഷിയിറക്കാൻ കഴിയാതെ കിടക്കുന്ന പാടശേഖരങ്ങൾ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.