തോപ്പുംപടി: കൊച്ചിക്കായലിലെ നീരൊഴുക്കിനും മത്സ്യബന്ധനത്തിനും തടസമായി നിൽക്കുന്ന ചളി നീക്കം ചെയ്യുന്നതിന് ഭരണാനുമതി. ഇതുമായി ബന്ധപ്പെട്ട് ചളി, വേമ്പനാട്ട് കായലിന് മരണമണി എന്ന തലക്കെട്ടിൽ കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് എക്കൽ നീക്കം ചെയ്യാൻ 87 ലക്ഷം രൂപ പാസായിരിക്കുന്നത്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എക്കൽ നിറഞ്ഞതോടെ പരമ്പരാഗത തൊഴിലാളികൾക്ക് വലകൾ നീട്ടാനും ചീനവലകൾ താഴ്ത്താനും കഴിയാത്ത അവസ്ഥയായി മാറിയതിനെ തുടർന്നാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മലയാളികൾക്ക് ഇനി മീൻ കഴിക്കണമെങ്കിൽ പരമ്പരാഗത തൊഴിലാളികൾ കനിയണം.
#ആദ്യഘട്ടം കടവുകളിൽ ചളിനീക്കും
ആദ്യഘട്ടത്തിൽ മത്സ്യതൊഴിലാളികളുടെ വഞ്ചികൾ അടുപ്പിക്കുന്ന കടവുകളിൽ ചളിനീക്കിയാണ് ആഴം കൂട്ടുന്നത്. കഴിഞ്ഞ ദിവസം കാക്കനാട് ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ എം.എൽ.എ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ ആദ്യഘട്ടം എന്ന നിലയിൽ ഇടക്കൊച്ചിയിലെ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. എക്കൽ അടിഞ്ഞതിനെ തുടർന്ന് തൊഴിലാളികളുടെ വഞ്ചികൾ കായലുകളിൽ ഉറച്ച് പോകുന്നതായും കടവുകളിൽ വഞ്ചി അടുപ്പിക്കാൻ സ്ഥിതിയായി മാറി. ആദ്യഘട്ടം ജ്ഞാനോദയം സഭ വക സി.എഫ്.ഐ യുടെയും അരിക്കിനേഴത്ത് സനകൻ റോസിനു സമീപത്തുള്ള പ്രദേശങ്ങളിലെയും എക്കൽ ഉടൻ നീക്കം ചെയ്യും.തുടർന്ന് ഫണ്ട് അനുവദിക്കുന്ന മുറക്ക് കായലുകളിലെ ബാക്കി സ്ഥലങ്ങളിലെയും ചളി നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.