കോലഞ്ചേരി: രോഗിയെ കാണാം, ചികിത്സിക്കാം... പക്ഷെ തൊടരുത്. ആയുർവേദക്കാരെ വെട്ടിലാക്കി ആയുഷിന്റെ ഉത്തരവ്.

കൊവിഡ് പ്രതിരോധത്തിന് ആയുർവേദ മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതി നടപ്പാക്കുമ്പോഴാണ് ചികിത്സയ്ക്ക് തടസമായി സംസ്ഥാന ആയുഷ് വകുപ്പിന്റെ ഉത്തരവ്. ആയുർവേദ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാം, ചികിത്സിക്കാം എന്നാൽ സ്പർശിക്കരുതെന്ന രീതിയിലുള്ള വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ആകെ ആശയക്കുഴപ്പമുണ്ടാക്കുകയാണ്.

പലർക്കും പിഴിച്ചിലും കിഴിയും വസ്തിയുമുൾപ്പെടെ വേണമെന്നിരിക്കെ ശരീരസമ്പർക്കം എങ്ങനെ ഒഴിവാക്കുമെന്നാണ് സംശയം.

ആയുഷ് മന്ത്റാലയത്തിന്റെ തീരുമാനം അടിസ്ഥാനമാക്കിയുള്ള നടപടിക്കു പകരം, ചികിത്സയുടെ അടിസ്ഥാന തത്വങ്ങൾക്കും കേന്ദ്ര ചട്ടത്തിനും എതിരാണ് ഉത്തരവെന്ന് ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ ആരോപിക്കുന്നു. ചുമ, പനി, തലവേദന, ശ്വാസ പ്രശ്‌നങ്ങൾ ഉള്ളവരെ ഉടൻ അലോപ്പതി ആശുപത്രിയിലേയ്ക്ക് അയയ്ക്കാനുള്ള നിർദ്ദേശത്തിലും സംശയമുണ്ടെന്നാണ് പരാതി.

പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പടെയുള്ള ആയുർവേദ ചികിത്സകൾക്ക് ആയുഷ് മന്ത്റാലയംകഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ ചുമയ്ക്ക് ചികിത്സ വേണ്ടത്രെ.

രോഗം കൂടിയാൽ ഇപ്പാഴത്തെ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ ചട്ടമനുസരിച്ചു മ​റ്റു സ്ഥാപനങ്ങളിലേക്ക് മാ​റ്റാം. ഉത്തരവ് സ്വകാര്യ ആയുർവേദ ആശുപത്രികൾക്കും ബാധകമാണോ എന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. കൊവിഡിന്റെ തുടക്കത്തിൽ, ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ ഡിസ്ചാർജ് ചെയ്യണമെന്ന ഉത്തരവ് ഇറക്കിയെങ്കിലും അതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ രംഗത്തു വന്നതോടെ തിരുത്തി. ഡെങ്കിപനി, എലിപ്പനി എന്നിവയുടെ ചികിത്സയ്ക്ക് വർഷങ്ങൾക്കു മുമ്പു തന്നെ ആയുർവേദ വിഭാഗം ചട്ടം തയാറാക്കിയിട്ടുണ്ട്. എന്നാൽ അത്തരം പനി കേസുകളും നോക്കേണ്ടെന്നാണ് ഉത്തരവ്.