കൊച്ചി : ലോക്ക് ഡൗണിനിടെ വർദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് തുടരാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.ഈ ഉത്തരവ് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ബസിൽ ഒരു സീറ്റിൽ ഒരാളെന്ന വ്യവസ്ഥ പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിബന്ധനയുടെ സാഹചര്യത്തിലാണ് നഷ്ടം കുറയ്ക്കാൻ ബസ് ചാർജ് 50 ശതമാനം വർദ്ധിപ്പിച്ച് മേയ് 19 ന് സർക്കാർ ഉത്തരവായത്. പിന്നീട് , ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതോടെ, കൂട്ടിയ നിരക്ക് ജൂൺ രണ്ടിന് പിൻവലിച്ചു. ആൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഫോറം നൽകിയ ഹർജിയിൽ ഈ നടപടി സിംഗിൾബെഞ്ച് സ്റ്റേ ചെയ്തു. വസ്തുതകൾ കണക്കിലെടുക്കാതെയാണ് സിംഗിൾബെഞ്ച് ഉത്തരവെന്നും, ബസ് ഉടമകളുടെ നഷ്ടം കുറയ്ക്കാൻ നികുതി ഇളവു ചെയ്തെന്നും ഡീസൽ വില കുറച്ചെന്നും ഇന്നലെ അഡിഷണൽ എ.ജി വാദിച്ചു. തുടർന്നാണ്, ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
മിനിമം ചാർജ്
വീണ്ടും എട്ടു രൂപ
മേയ് 19 ന് സർക്കാർ ബസ് ചാർജ് വർദ്ധിപ്പിച്ചതോടെ മിനിമം ചാർജ് എട്ടിൽ നിന്ന് 12 രൂപയായി. ജൂൺ രണ്ടിന് വർദ്ധന പിൻവലിച്ചപ്പോൾ വീണ്ടും എട്ടു രൂപയായി. സിംഗിൾബെഞ്ച് ജൂൺ ഒമ്പതിന് ഈ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തതോടെ വീണ്ടും 12 രൂപയായി. ഡിവിഷൻ ബെഞ്ച് ഇതു സ്റ്റേ ചെയ്തതോടെയാണ് വീണ്ടും എട്ടു രൂപയായി കുറഞ്ഞത്.