മൂവാറ്റുപുഴ: ബി.എസ്.എൻ.എൽ മൊബൈൽ റേഞ്ച് കുറവുള്ള മേഖലകളിൽ പ്രത്യേക പരിശോധന നടത്തി സേവന ലഭ്യത ഉറപ്പുവരുത്തുവാൻ എറണാകുളം ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ ഫ്രാൻസിസ് ജോർജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡീൻ കുര്യാക്കോസ് എം.പി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. ഓൺലൈൻ പഠനത്തിന് മൊബൈൽ കവറേജും ഹൈസ്പീഡ് ഡേറ്റയും ഉറപ്പുവരുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. വൈദ്യുതി തകരാറുമൂലം മൊബൈൽ ടവറുകൾ ഒഫാകുന്നത് പരിഹരിക്കുന്നതിന് ഡീസൽ എൻജിനുകൾ, ബാറ്ററികൾ എന്നിവ സ്ഥാപിക്കുന്നതിന് പിന്നോക്ക മേഖല എന്ന നിലയിൽ നാലു കോടി രൂപയുടെ പ്രത്യേക കേന്ദ് ഫണ്ടിനായി വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ബി.എസ്.എൻ.എൽ ചെയർമാൻ എന്നിവരോട് ആവശ്യപ്പെടും. ട്രൈബൽഫണ്ടും യു.സ്.ഒ ഫണ്ടും പ്രയോജനപ്പെടുത്തി ഇടമലക്കുടി, പഴമ്പിള്ളിച്ചാൽ, തട്ടേകണ്ണി, മൂന്നാറിലെ വിദൂരഗ്രാമങ്ങൾ, കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകൾ എന്നിവിടങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിച്ച് മൊബൈൽറേഞ്ച് ലഭ്യമാക്കുവാനും തീരുമാനിച്ചു.