ആലുവ: ക്വാറന്റൈൻ ലംഘനത്തിന് ഉത്തർപ്രദേശ് സ്വദേശിക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏഴിന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇയാൾ മരടിൽ ജോലി ചെയ്യുകയായിരുന്നു. മാളിലെ ജോലി കഴിഞ്ഞതിനെ തുടർന്ന് നിലമ്പൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യവേ കണ്ടക്ർ ഇയാളുടെ ബാഗിൽ വിമാനയാത്രയുടെ ടാഗ് ശ്രദ്ധിച്ചു. വിശദമായി ചോദിച്ചപ്പോഴാണ് യു.പിയിൽ നിന്ന് വന്നതായി അറിഞ്ഞത്. അപ്പോഴേക്കും ബസ് അങ്കമാലി പൊലീസ് സ്റ്റേഷന് മുമ്പിൽ എത്തിയിരുന്നു. ക്വാറന്റൈനിൽ പോകാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസ് കേസെടുത്തശേഷം ഇയാളെ കളമശേരിയിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെ വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.