തൃക്കാക്കര : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനും താഹയും കാക്കനാട് ജില്ലാ ജയിൽ ഉദ്യോസ്ഥർക്കെതിരെ വധഭീഷണി ഉൾപ്പെടെ മുഴക്കി. ഇക്കാര്യം എൻ.ഐ.എ കോടതിയെയും ജയിൽ ഡി.ജി.പിയെയും ജയിൽ അധികൃതർ അറിയിച്ചു.

തൃശൂർ വിയ്യൂരുള്ള അതിസുരക്ഷാ ജയിലിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്.

ബന്ധുക്കളും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകൾക്ക് വേണ്ടിയാണ് മേയ് 25ന് ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. തങ്ങളോട് ജയിൽ അധികൃതർ മോശമായി പെരുമാറുന്നതായി ഇവർ പരാതിപ്പെട്ടപ്പോൾ എൻ.ഐ.എ കോടതി വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് ജയിൽ അധികൃതരുടെ പരാതി.

കാക്കനാട്ടെ കർശന നിയന്ത്രണങ്ങളിൽ പ്രകോപിതരാവുകയായിരുന്നു ഇരുവരും. ആദ്യ ദിവസത്തെ ശരീരപരിശോധന തന്നെ എതിർത്ത് തങ്ങളെ തൃശൂർ ജയിലിലേത് പോലെ ഒന്നിച്ച് പാർപ്പിക്കണമെന്നാവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അസഭ്യവർഷം ചൊരിയുന്നതും പതിവാക്കി. കൊറോണ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതും പ്രശ്നമായെന്ന് കത്തിൽ പറയുന്നു.

ഇതിനിടെ ഇവരെ തൃശൂർ ജയിലിലേക്ക് തന്നെ മാറ്റാൻ കഴിഞ്ഞ ദിവസം എൻ.ഐ.ഐ കോടതി ഉത്തരവാകുകയും ചെയ്തു.