കൊച്ചി : പത്തുവയസുകാരിയോടു ലൈംഗിക അതിക്രമം കാട്ടിയ കേസിൽ കോതമംഗലം നെല്ലിക്കുഴി സ്വദേശി റെജിയെന്ന പ്യാരിയ്ക്ക് (28) എറണാകുളം പോക്സോ കോടതി അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയാൽ തുക പെൺകുട്ടിക്കു നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ പ്രതി ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2017 ലെ തിരുവോണനാളിലാണ് സംഭവം. അമ്മ മരിച്ചതിനെത്തുടർന്ന് അമ്മൂമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ ഒാണസദ്യ നൽകാമെന്നു പറഞ്ഞ് പ്രതി കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ പിതാവ് ഒരു കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. കോതമംഗലം പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്.