ഫോർട്ടുകൊച്ചി: കൊച്ചിയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി മട്ടാഞ്ചേരിയിലെ സൗഹൃദവേദി ബിരിയാണി വില്പനയുമായി രംഗത്ത്. ക്ലാസ് തുടങ്ങിയതോടെ വിക്ടേഴ്‌സ് ചാനൽ കണ്ട് പഠിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഓൺലൈൻ പഠനം നടത്താൻ കഴിയാതൈ നിരവധി നിർധന വിദ്യാർത്ഥികൾ കൂടിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. 100 രൂപക്കാണ് ചിക്കൻ ബിരിയാണി നൽകുന്നത്.ആദ്യഘട്ടം എന്ന നിലയിൽ ഇന്നലെ പാചകം ചെയ്ത 350 ബിരിയാണിയും മിനിറ്റുകൾ കൊണ്ട് വിറ്റ് തീർന്നു. ഇതിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് വിദ്യാർത്ഥികൾക്ക് വേണ്ട മുഴുവൻ സഹായങ്ങളും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.വില്പനയുടെ ഔപചാരിക ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു. സൗഹൃദത്തിന്റെയും കരുതലിന്റെയും രുചി വിളമ്പുകയാണ് മട്ടാഞ്ചേരിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. വരും ദിവസങ്ങളിലും വില്പന ഉഷാറാക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.ഇവർക്ക് പ്രചോദനമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നലെ കോരിച്ചൊരിയുന്ന മഴയത്തും ബിരിയാണി വാങ്ങാൻ നാനാ ഭാഗങ്ങളിൽ നിന്നും നാട്ടുകാർ മട്ടാഞ്ചേരിയിൽ തടിച്ചുകൂടി.