കൊച്ചി : ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് കമ്പ്യൂട്ടർ ഭാഗങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾക്ക് കൊവിഡ് രോഗബാധയില്ലെന്ന് പരിശോധനാ ഫലം. ഇവരെ ഏഴു ദിവസം കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ നൽകി.

ബീഹാർ സ്വദേശി സുമിത് കുമാർ സിംഗ് (23 ) രാജസ്ഥാൻ സ്വദേശി ദയറാം (22) എന്നിവരെയാണ് എൻ.ഐ.എ ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ആദ്യ കൊവി​ഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ എറണാകുളത്തെ എൻ.ഐ.ഐ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന പ്രതികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് വ്യവസ്ഥ. ഇതു കൂടി പരിഗണിച്ചാവും കോടതി അപേക്ഷയിൽ തീർപ്പു കല്പിക്കുക.

2019 സെപ്തംബർ 14 നാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാന വാഹിനി കപ്പലായ വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്കുകളും മറ്റും മോഷണം പോയത്. രണ്ടു ലക്ഷം രൂപ വിലമതിക്കും ഇവ. പെയിന്റിംഗ് കരാറുകാരന്റെ ജോലിക്കാരായി സ്ഥലത്തെത്തിയ സുമിത് കുമാറും ദയറാമും തങ്ങളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിനെത്തുടർന്നുള്ള വൈരാഗ്യം നിമിത്തമാണ് മോഷണം നടത്തിയതെന്ന് ആദ്യ മൊഴി നൽകിയിരുന്നു.

കൊച്ചിയിൽ നിന്ന് മടങ്ങും മുമ്പ് മോഷ്ടിച്ച ഉപകരണങ്ങളിൽ പലതും ഒാൺലൈൻ വഴി വിറ്റതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ പ്രതികൾക്കു അഭിഭാഷക സഹായം ഉറപ്പാക്കാൻ ജില്ലാ നിയമ സഹായ സമിതിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.