# വിഷ്ണുപ്രസാദിന്റെ കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
# ജീവനക്കാരിയുടെ ഹോസ്റ്റലിൽ പരിശോധന
തൃക്കാക്കര : പ്രളയഫണ്ട് തട്ടിപ്പുകേസിൽ കളക്ടറേറ്റിൽ നിന്ന് കാണാതായ ഫയലുകൾ തേടി ക്രൈംബ്രാഞ്ച്. വിഷ്ണുപ്രസാദിന്റെയൊപ്പം പരിഹാരം സെല്ലിൽ ജോലിചെയ്തിരുന്നവരുടെ വീടുകളിലും ഹോസ്റ്റലുകളിലും അന്വേഷണസംഘം പരിശോധന നടത്തും. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ പരിഹാരം സെല്ലിലെ വനിതാജീവനക്കാരിയെ കാക്കനാട് റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. തുടർന്ന് കാക്കനാട് കുന്നുംപുറത്തെ വർക്കിംഗ് വിമൻ ഹോസ്റ്റലിൽ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും രേഖകളൊന്നും കണ്ടെത്തിയില്ല.
വിഷ്ണുപ്രസാദിന്റെ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. തട്ടിപ്പ് നടന്ന 2018ലെയും 2019 കാലത്ത് പരിഹാരം സെല്ലിൽ വിഷ്ണുപ്രസാദിനൊപ്പം ജോലിചെയ്തിരുന്ന ജൂനിയർ സൂപ്രണ്ട് അടക്കമുളള 11 ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങളും, ആധാർ കാർഡ്, പാൻകാർഡ് അടക്കമുളള രേഖകൾ രണ്ടുദിവസത്തിനകം ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ബുധനാഴ്ച നോട്ടീസ് കൊടുത്തിരുന്നു. നോട്ടീസിന്റെ കാലാവധി ഇന്ന് തീരും. ജൂനിയർ സൂപ്രണ്ട് അടക്കമുളള 11 ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെയും നാലുവർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ തട്ടിപ്പിൽ ജൂനിയർ സൂപ്രണ്ട് മുതലുളള മേലുദ്യോഗസ്ഥർ വരുത്തിയ ഗുരുതര വീഴ്ചകളാണ് തട്ടിപ്പിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തട്ടിപ്പിൽ ഇവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വിഷ്ണുപ്രസാദിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. കുടുതൽ അന്വേഷണം ആവശ്യമുള്ളതിനാൽ കസ്റ്റഡിക്കാലാവധി നാലുദിവസം കൂടി നീട്ടി