കോലഞ്ചേരി: കല്ല്യാണം, മരണം, പൊതുയോഗങ്ങൾ അങ്ങനെ എന്തുവന്നാലും നാട്ടുകാർ ആദ്യം അന്വേഷിച്ചിരുന്ന ഒരു കൂട്ടരുണ്ട്. വീട്ടിലും യോഗസ്ഥലങ്ങളിലും തണലൊരുക്കാൻ, മഴയിൽ നിന്ന് രക്ഷിക്കാൻ പന്തൽ പണിക്കാർ തന്നെ വരണം. എന്നാൽ, കൊവിഡ് മാറ്റി മറിച്ച ജീവിതങ്ങളിൽ പ്രധാനികളായിരിക്കുകയാണ് ഇവർ. ആഘോഷമൊഴിഞ്ഞ കൊവിഡ് കാലത്ത് ഒരു വരുമാനവുമില്ലാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഇവരുടെ കുടുംബം. ഇളവുകൾ വന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ പലരും സ്ഥാപനങ്ങൾ തുറന്നെങ്കിലും ജീവിതം ഉടനെ തിരികെ പിടിക്കാനാവാത്ത അവസ്ഥയിലാണ് പലരും. കടകളിലെ ജനറേറ്ററുകളും ലൈറ്റുകളും മറ്റും കേടായി. ടാർ പോളിനുകൾ എലി കരണ്ടു നശിപ്പിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ മേഖല പ്രതിസന്ധിയിലായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏറ്റിരുന്ന എല്ലാ പരിപാടികളെല്ലാം മാറ്റി. ഇത് തിരിച്ചടിയുടെ ആക്കം കൂട്ടി. ഏപ്രിൽ, മെയ് മാസങ്ങളിലെ വിവാഹ സീസണിൽ ഒരു പരിപാടി പോലും നടന്നില്ല. കടമുറികളുടെ വാടക പോലും നൽകാനാകാത്തത്ര പ്രതിസന്ധിയിലാണ് പലരും. മേഖലയെ ആശ്രയിച്ചിരുന്ന ഒട്ടേറെ തൊഴിലാളികളും ദുരിതത്തിലായി. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ മേഖലയ്ക്ക് ആശ്വാസ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

ജില്ലയിൽ പത്ത് ലക്ഷം രൂപ മുതൽ ഇരുപത് കോടി രൂപ വരെ മുടക്കു മുതലുള്ള നാലായിരത്തോളം അംഗങ്ങളാണ് ഈ മേഖലയിലുള്ളത്. ജീവനക്കാരായി 30000 പേരുണ്ട്. ലോക്ക് ഡൗൺ നിബന്ധനകൾ മാറിയാലും രോഗ വ്യാപനം തുടരുന്നതിനാൽ ഭാവി എന്താകുമെന്ന് പറയാനാകുന്നില്ല. ബാങ്ക് ലോണുകളെ ആശ്രയിച്ചാണ് ഇതു വരെ പിടിച്ചു നിന്നത്.

ബേബി,

മാത ഡെക്കറേഷൻസ്,

ജില്ലാ ജോയിന്റ് സെക്രട്ടറി,

കേരള സ്റ്റേറ്റ് ഹയർ ഗുഡ് ഓണേഴ്സ് അസോസിയേഷൻ