തോപ്പുംപടി: നിരവധി കവർച്ച കേസിൽ പ്രതിയായ യുവാവിനെ തോപ്പുംപടി പൊലീസ് അറസ്റ്റുചെയ്തു. നസറത്ത് പാലപ്പിള്ളി പറമ്പിൽ ബിജു സെബാസ്റ്റ്യനാണ് (45) അറസ്റ്റിലായത്. ആർ.കെ.പിള്ള റോഡിലെ ക്ഷേത്രത്തിലെ പൂജാസാമഗ്രികളും തോപ്പുംപടി മഡോണ ഫർണി​ച്ചർ സ്ഥാപനം കുത്തിത്തുറന്ന് പണവും മുണ്ടംവേലിയിലെ മൊബൈൽ ഷോപ്പിൽനിന്ന് വിലകൂടിയ ഫോണുകളുമാണ് ഇയാൾ കവർന്നത്. എറണാകുളത്തെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷമായിരുന്നു ഈ കവർച്ചകളെന്ന് പൊലീസ് പറഞ്ഞു. ഇപ്പോൾ പപ്പങ്ങാമുക്ക് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.