കൊച്ചി: സംവരണം മൗലകാവകാശമല്ലെന്ന സുപ്രീം കോടതി വിധി ദരിദ്രനാരായണന്മാരായ കോടിക്കണക്കിന് പിന്നാക്കക്കാരെ ദോഷകരമായി ബാധിക്കുന്നതാണെന്നും ഇത് മറികടക്കാൻ നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മുതിർന്ന ഹൈക്കോടതി അഭിഭാഷകനും കേരളകൗമുദി റീഡേഴ്സ് ക്ളബ് മേഖലാ പ്രസിഡന്റുമായ അഡ്വ.വക്കം എൻ.വിജയൻ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സാമൂഹികവും ചരിത്രപരവുമായ വശങ്ങൾ സുപ്രീം കോടതി പരിഗണിച്ചോയെന്ന് സംശയമാണ്.
എഴുപത് വർഷം സംവരണം ലഭിച്ചിട്ടും രാജ്യത്തെ പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എല്ലാ കേന്ദ്ര സംസ്ഥാന സർക്കാരുകളും ഇതിന് ഉത്തരവാദികളാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഈ വിഭാഗങ്ങൾക്ക് സർക്കാർസംവിധാനങ്ങൾ എത്രയും വേഗം കൊണ്ടുവരണം. അതിന് ശേഷം സംവരണം അവസാനിപ്പിച്ചാലും കുഴപ്പമില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും സംവരണത്തിന്റെ യഥാർത്ഥ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അഡ്വ.വക്കം എൻ.വിജയൻ പ്രസ്താവനയിൽ പറഞ്ഞു.