തൃക്കാക്കര: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച 'ഇന്ത്യ റാങ്കിംഗ്‌സ് 2020'ൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രേംവർക്ക്) കോളേജ് വിഭാഗത്തിൽ കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) 28ാം സ്ഥാനം സ്വന്തമാക്കി. തുടർച്ചയായ മൂന്നാം തവണയും മികച്ച സ്ഥാനമാണ് രാജഗിരി സ്വന്തമാക്കിയത്.
ടീച്ചിങ് ലേണിങ് ആന്റ് റിസോഴ്‌സസ് (ടി.എൽ.ആർ), റിസർച്ച് ആന്റ് പ്രൊഫഷണൽ പ്രാക്ടീസസ് (ആർ.പി), ഔട്ട്‌റീച്ച് ആന്റ് ഇൻക്ലൂസിവിറ്റി (ഒ.ഐ), ഗ്രാജുവേഷൻ ഔട്ട്കം (ജി,ഒ) എന്നീ മാനദണ്ഡങ്ങളിലാണ് രാജ്യത്തെ മികച്ച കോളേജുകളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഇന്ത്യ റാങ്കിങ്‌സ് കേന്ദ്ര സർക്കാർ എല്ലാ വർഷവും പുറത്തിറക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പട്ടികയിൽ യഥാക്രമം 35, 43 എന്നീ സ്ഥാനങ്ങളായിരുന്നു രാജഗിരിക്ക്. കൂട്ടായ പരിശ്രമമാണ് മികച്ച നേട്ടത്തിന് കാരണമെന്ന് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് പറഞ്ഞു.