കൊച്ചി: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിച്ച രണ്ടരവയസുകാരൻ ജിൻ പേ അമ്മ ജെന്നെയുമായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. ലൈബീരിയയിലുള്ള അച്ഛൻ പീറ്ററിനെയും ജ്യേഷ്ഠൻ ജെൻസനെയും കാണാനാണ് കാത്തിരിപ്പ്. മാർച്ച് 2ന് ഇളയമകൻ ജിന്നിന്റെ കുഞ്ഞുഹൃദയത്തിന് ചികിത്സ തേടി കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിയതാണ് അമ്മ ജെന്നെ. കണക്കുകൂട്ടലിനപ്പുറം കേരളത്തിൽ തങ്ങേണ്ടിവന്ന ഈ അമ്മയും മകനും ഇപ്പോൾ സുമനസുകളുടെ കാരുണ്യം തേടുകയാണ്.
ജിന്നിന്റെ ശരീരഭാരം ആനുപാതികമായി വർദ്ധിക്കാത്തതും തുടർച്ചയായുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളും കാരണം നടത്തിയ വിശദ പരിശോധനയിലാണ് ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയത്. കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് പരിഹാരമെന്ന് ഡോക്ടർമാർ തീർപ്പുകൽപ്പിച്ചു. ശസ്ത്രക്രിയ ഉൾപ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങൾ ലൈബീരിയയിൽ ഇല്ല. തലസ്ഥാനമായ മൺറോവിയയിലെ ജെ.എഫ്.കെ മെഡിക്കൽ സെന്ററിലെ സീനിയർ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസിയിലെത്താൻ പീറ്റർ, ജെന്നെ ദമ്പതികളോട് നിർദേശിച്ചത്. അധികജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികൾ വേണ്ടെന്ന് വച്ചും യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തി. കുടുംബവുമൊത്ത് വരാൻ പണം തികയാത്തതിനാൽ ഒരുമാസത്തിനകം തിരികെയെത്താനാകുമെന്ന പ്രതീക്ഷയിൽ അമ്മയും മകനും മാത്രമാണ് കൊച്ചിയിലെത്തിയത്.
മാർച്ച് 6ന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിൽ പ്രവേശിപ്പിച്ച ജിന്നിന് 12 ന് ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടു. തുടർപരിശോധനകൾ പൂർത്തിയാക്കി ഏപ്രിൽ രണ്ടിന് മടങ്ങാനായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അതിനിടെ കൊവിഡ് 19 എത്തി, രാജ്യങ്ങൾ അടച്ചിട്ടു. അതോടെ യാത്രയും മുടങ്ങി.
ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകൾക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ ആശുപത്രിയിൽ തന്നെയാണ് ഇപ്പോൾ താമസം. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. മഹാമാരിക്കാലത്തും നന്മ വറ്റാത്തവർ തങ്ങളുടെ ജീവിതത്തിന് കരുതലേകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.